Breaking News

ഇരിക്കൂർ മുതൽ റാന്നിവരെ 12 സീറ്റ് ഉറപ്പിച്ച് കേരള കോൺഗ്രസിന് നേട്ടം




സീറ്റ് ചർച്ച അവസാനിക്കാനിരിക്കെ മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) മികച്ച നേട്ടമുണ്ടാക്കി. തുടർ ഭരണം ലക്ഷ്യമിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കേരള കോൺഗ്രസ് എമ്മിന് നൽകുന്ന പരിഗണന ഇതിലൂടെ വ്യക്തമാണ്. ഇതിൽ സിപിഎം സീറ്റുകൾ ഉണ്ട് എന്നതും ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം.

പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ കേരള കോൺഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം തീരുമാനിച്ചു. രണ്ടു സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും.

ചങ്ങനാശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു. എന്നാൽ പെരുമ്പാവൂരും ചാലക്കുടിയും ചങ്ങനാശേരിയിലെ തടസം നീക്കി.



ഇടതു മുന്നണിക്ക് വേണ്ടി മാണി സി കാപ്പൻ പിടിച്ചെടുത്ത പാലായ്ക്കും പാർട്ടി എം എൽ മാരുടെ സിറ്റിംഗ് സീറ്റുകളായ , കാഞ്ഞിരപ്പള്ളി, ഇടുക്കി എന്നിവയ്ക്കും പുറമേ കടുത്തുരുത്തി, തൊടുപുഴ സീറ്റുകളും ആദ്യ റൗണ്ടിൽ തന്നെ ജോസിനു നല്കാൻ തീരുമാനമായിരുന്നു. ഇടുക്കിയിൽ ഇടതിന് വേണ്ടി തോറ്റ ഫ്രാൻസിസ് ജോർജ് ഇപ്പോൾ ജോസഫിനൊപ്പമാണ് എന്നത് അവിടെ കാര്യങ്ങൾ എളുപ്പമാക്കി. ഇത്തവണ ഇടുക്കിയിൽ റോഷി കാഞ്ഞിരപ്പള്ളിയിൽ ജയരാജ് എന്നിവർ കഴിഞ്ഞ തവണ എതിർത്ത മുന്നണിയുടെ സ്ഥാനാർഥികളായി. കാഞ്ഞിരപ്പള്ളിയിൽ ഇടതു മുന്നണിയുടെ സ്ഥിരം പരാജയ കക്ഷിയായ സിപിഐയുടെ എതിർപ്പിന് യാതൊരു പരിഗണനയും ഉണ്ടായില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം മണ്ഡലമാണ് എന്നൊക്കെ ചില ശബ്ദങ്ങൾ ഉണ്ടായി എങ്കിലും അതൊക്കെ ചർച്ചയിൽ വന്നില്ല.

കാൽ നൂറ്റാണ്ടായി സിപിഎം കൈവശം വെക്കുന്ന റാന്നി വിട്ടുകൊടുത്തതാണ് മറ്റൊരു നേട്ടം. രാജു അബ്രഹാമിന് പകരം ഒരു പേര് സിപിഎമ്മിൽ ഇല്ലാ എന്നതാണ് കേരളാ കോൺഗ്രസിന് എമ്മിന് അനുകൂലമായത്. എന്നാൽ സിപിഎം സിറ്റിംഗ് സീറ്റായ തൃശൂരിലെ ചാലക്കുടിയിൽ ഇടതു സ്ഥാനാർഥി രണ്ടിലയിൽ മത്സരിക്കുന്നതിന് തടസമുണ്ടായില്ല എന്നതും ശ്രദ്ധേയം.


ഇതിനൊപ്പം മലബാറിൽ രണ്ടു സീറ്റുകൾ കൂടി വരുന്നു. കണ്ണൂരിലെ ഇരിക്കൂര്‍, കോഴിക്കോട്ടെ കുറ്റ്യാടി. ഇതിൽ ഇരിക്കൂർ കോൺഗ്രസ് പതിറ്റാണ്ടായി ജയിക്കുന്ന മണ്ഡലമാണ് എങ്കിൽ കുറ്റ്യാടി കഴിഞ്ഞ തവണ മാത്രം തോറ്റ ശക്തി കേന്ദ്രമാണ്. മുസ്ലിം ലീഗിന് എതിരെ കേരളാ കോൺഗ്രസിലൂടെ ഒരു മുസ്ലിം സ്ഥാനാർഥി എന്ന തന്ത്രമാകും ഇടതു മുന്നണി ഇവിടെ പയറ്റുക.

അങ്ങനെ വരുമ്പോൾ കേരളാ കോൺഗ്രസിന് ചില അപൂർവ നേട്ടങ്ങൾ ഉണ്ടാകും

1. ഇരിക്കൂർ, കുറ്റ്യാടി, ചാലക്കുടി, പെരുമ്പാവൂർ, പിറവം കടുത്തുരുത്തി, തൊടുപുഴ, ഇടുക്കി, പാലാ,പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി സീറ്റുകളിൽ എൽഡിഎഫിന് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ .
2. പത്തനംതിട്ട മുതൽ കണ്ണൂർ വരെ ജില്ലകളിൽ സ്ഥാനാർത്ഥികൾ
3. പിറവം മുതൽ റാന്നി വരെ യാത്ര ചെയ്യുമ്പോൾ കടുത്തുരുത്തി, തൊടുപുഴ, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഇങ്ങനെ എല്ലാ സീറ്റുകളിലും പാർട്ടി.

4.യുഡിഎഫിനൊപ്പം നിന്നപ്പോൾ കേരളാ കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകളിൽ അഞ്ചെണ്ണം ജോസഫ് പക്ഷത്തിന്റേതായിരുന്നു.

5. റോഷി, ജയരാജ് എന്നിവരൊഴികെ മത്സരിക്കുന്ന മറ്റെല്ലാവരും ജൂനിയറോ പുതുമുഖങ്ങളോ ആയതിനാൽ പിന്നീട് അധികാര തർക്കം ഒഴിവാകാം.

ചുരുക്കത്തിൽ കെഎം മാണിയുടെ രാഷ്ട്രീയ കൗശലത്തേക്കാൾ ബഹുദൂരം മുന്നിലാണ് എതിരാളികൾ അത്ര വില നൽകാത്ത ജോസ് കെ മാണിയുടെത്.

No comments