Breaking News

ഔദ്യോഗിക ഉദ്ഘാടനമില്ലാതെ പാലാരിവട്ടം പാലം ഇന്ന് തുറക്കും ആദ്യയാത്ര ചെയ്യാൻ ജി.സുധാകരൻ എത്തും


കൊച്ചി: പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നല്‍കും. ഒരു വര്‍ഷവും 10 മാസവും നീണ്ട കാത്തിരിപ്പിനാണ് ഇന്ന് അവസാനമാവുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ല.

2016 ഒക്ടോബര്‍ 12ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിളളല്‍ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കുമാണ്. കേരളത്തിന്റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണെന്നതും ശ്രദ്ധേയമാണ്.


പാലത്തിന്റെ അവാസന മിനുക്ക് പണികള്‍ ഇന്നലെ രാത്രിയോടെ പൂ‍ര്‍ത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിര്‍മ്മിക്കാന്‍ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കില്‍ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡി എം ആര്‍ സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍ നിര്‍മ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയില്‍ പങ്കാളികളാകും

No comments