പിടിച്ചെടുത്ത 1450 പെട്ടി മദ്യകുപ്പികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി; എലികളെ പഴിച്ച് പൊലീസ്
ആഗ്ര: പിടിച്ചെടുത്ത് സൂക്ഷിച്ച അനധികൃത മദ്യങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് പൊലീസ്. കോട്ട് വാലി ദെഹാത്ത് പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച 1400 പെട്ടി മദ്യമാണ് കാണാതായത്. എലികൾ മദ്യക്കുപ്പികൾ നശിപ്പിച്ചതെന്നാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
മദ്യകുപ്പികൾ കാണാതായ സംഭവത്തിൽ ഈ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇന്ദ്രേഷ്പാൽ സിങ്ങിനെതിരേയും ക്ലാർക്ക് റിഷാൽ സിങ്ങിനെതിരെയും കേസെടുത്തിട്ടുണ്ട്. 1400 ൽ അധികം പെട്ടി മദ്യം കാണാതായതിന് പിന്നിൽ എലികളാണെന്ന വിശദീകരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സ്റ്റേഷനിൽ സൂക്ഷിക്കുന്ന ഡയറിയിൽ 239 പെട്ടി മദ്യം എലികൾ നശിപ്പിച്ചതായി പറയുന്നുണ്ട്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ഉദയ് ശങ്കർ സിങ് അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞയാഴ്ച്ചയാണ് കോട്ട് വാലി ദെഹാത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്ത 1450 പെട്ടി മദ്യകുപ്പികൾ കാണാതായെന്ന വാർത്ത പുറത്തു വരുന്നത്. എലികൾ നശിപ്പിച്ചെന്ന വിശദീകരണമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ സ്റ്റേഷൻ രേഖകളിൽ 239 പെട്ടികൾ എലികൾ നശിപ്പിച്ചതിനെ കുറിച്ച് മാത്രമാണ് പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ലെന്നും സംശയകരമാണെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ചിലത് മറച്ചുവെക്കാനുള്ള ശ്രമമാണ് എലികളുടെ മേൽ പഴിചാരുന്നതിലൂടെ ശ്രമിക്കുന്നതെന്നും പൊലീസ് പറയുന്നു.
കാണാതായ മദ്യക്കുപ്പികൾ എവിടേക്കാണ് പോയത് എന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന അലിഗഡിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ പറഞ്ഞു. സംഭവത്തിൽ ഇന്ദ്രേഷ്പാൽ സിങ്ങിനും റിഷൽ സിങ്ങിനും സമൻസ് അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
No comments