നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ നടന്നു
നിയമസഭാ തെരഞ്ഞെടുപ്പ് 2021 കാസർകോട് ജില്ലയിൽ നിഷ്പക്ഷമായും സുതാര്യമായും നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് സംവിധാനവും വരണാധികാരികളും നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ അറിയിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിൽ ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ജില്ലയിൽ നടത്തിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങളും വിശദീകരിച്ചു. പാർലിമെന്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പിലും ജില്ലയിലെ രാഷ്ട്രീയ കക്ഷികൾ നടത്തിയ മാതൃകാപരമായ പ്രവർത്തനം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരണമെന്ന് കളക്ടർ പറഞ്ഞു.. കോർണർ യോഗങ്ങൾ പാടില്ല. ഓടുന്ന വാഹനങ്ങളിൽ അനൗൺസ്മെന്റ് അനുവദിക്കില്ല. യോഗങ്ങൾ കമ്മീഷൻ അംഗീകരിച്ച പൊതു മൈതാനങ്ങളിൽ സംഘടിപ്പിക്കാം. കോ വിഡ് വ്യാപനം തടയാൻ ആൾക്കൂട്ടം ഒഴിവാക്കണം. പരാതികൾ സി വിജിൽ ആപ് ഉപയോഗിച്ചും അപേക്ഷകൾ ഇ സുവിധ ആ പ് ഉപയോഗിച്ചും നൽകണം. സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് എൺപത് വയസു കഴിഞ്ഞ 13 217 വോട്ടർമാർക്കും അംഗപരിമിതരായ വോട്ടർമാർക്കും ലഭ്യമാക്കും. കോവിഡ് രോഗികൾക്കും രോഗസാധ്യതയുള്ള നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലഭ്യമാക്കും. സ്പെഷ്യൽ പോളിങ്ഓഫീസർമാർ ബാലറ്റ് പേപ്പർ കൊണ്ടു കൊടുക്കും. അപ്പോൾ തന്നെ വോട്ടർ സമ്മതിദാനം വിനിയോഗിച്ച് തിരിച്ച് നൽകണം. ഇത് സ്പെഷ്യൽ പോളിങ് ഓഫീസർ നേരിട്ട് വാങ്ങി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും . . ഇതിനു പുറമെയുള്ള കോവിഡ രോഗികൾക്ക് വോട്ടെടുപ്പ് ദിവസം ബൂത്തിൽ വൈകീട്ട് 6 മുതൽ 7 വരെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കും. .
ആളുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ വോട്ടർമാരെ മദ്യവും പണവും നൽകി സ്വാധിനിക്കാൻ ശ്രമിക്കുന്നത് തടയാൻ പ്രത്യേകം സ്ക്വാഡിനെ നിയോഗിച്ചു.
കള്ളവോട്ട് കർശനമായി തടയും. കള്ളവോട്ടുചെയ്യാനിടയുള്ള ബൂത്തുകൾ സംബന്ധിച്ച പട്ടിക ഈ മാസം ആറിനകം നൽകാൻ രാഷ്ട്രീയ കക്ഷിപ്രതിനിധികൾക്ക് കളക്ടർ നിർദ്ദേശം നൽകി. പ്രചരണം ഹരിതച്ചട്ടം പാലിച്ച് നടത്തണം. ഫ്ലക്സ് പാടില്ല. സ്ഥാനാർത്ഥി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. പതിനായിരം രൂപയിൽ കൂടുതൽ തുക കാഷ് ആയി സംഭാവന വാങ്ങരുത്. ചെക്കായി വാങ്ങാം. വരവ് ചെലവുകൾ കൃത്യമായി എക്സ്പെൻഡിച്ചർ വിഭാഗത്തിൽ സമർപ്പിക്കണം കളക്ടർ പറഞ്ഞു
യോഗത്തിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, കെ.ജയാനന്ദ (സി പി ഐ എം) അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ (സിപിഐ). എം കുഞ്ഞമ്പുനമ്പ്യാർ ( ഇന്ത്യൻ നാഷണൽകോൺഗ്രസ് ഐ ), മനുലാൽ മേലത്ത് ( ബി ജെ പി), മൂസാ ബി ചെർക്കള (ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് ) നാഷണൽ അബ്ദുള്ള (കേരള കോൺഗ്രസ് ജേക്കബ്) എന്നിവരും ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ സാമുവൽ ഫെർണാണ്ടസ് എഡി എം അതുൽ എസ് നാഥ് ഫിനാൻസ് ഓഫീസർ കെ.സതീശൻ എന്നിവരും പങ്കെടുത്തു.

No comments