ചെറുപുഴ പോലീസ് പരിധിയിൽ മാവോവാദികളുടെ ചിത്രങ്ങൾ പതിച്ചു
ചെറുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മലയോരത്തെ ടൗണുകളിൽ മാവോവാദികളുടെ ഫോട്ടോ അടങ്ങിയ പോസ്റ്ററുകൾ പതിച്ചു.
കേരളത്തിൽ മാവോവാദികളുടെ സാന്നിധ്യം കണ്ടെത്തിയ ചെറുപുഴ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് പോലീസ് പോസ്റ്റർ പതിച്ചത്.
പോസ്റ്ററിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാൽ പോലീസിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർഥിച്ചു. കേരളാതിർത്തിയിൽ കർണാടക റിസർവ് വനത്തിൽ കാനംവയലിനോട് ചേർന്നുകിടക്കുന്ന മങ്കുണ്ടി എസ്റ്റേറ്റിൽ നേരത്തെ മാവോവാദികൾ എത്തിയിരുന്നു.
ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളെ ഉപയോഗിച്ച് രാജഗിരിയിൽ നിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിയിട്ടാണ് മാവോവാദികൾ തിരികെ പോയത്. അന്നത്തെ സംഘത്തിൽ ഇപ്പോൾ ജയിലിലുള്ള രൂപേഷും ഉണ്ടായിരുന്നു. അറസ്റ്റിനു ശേഷം ഇയാളെ കാനംവയലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

No comments