ജല അതോറിറ്റിയും കരാറുകാരനും തമ്മിൽ കിടമത്സരം വെള്ളരിക്കുണ്ട് -ഭീമനടി റോഡ് നിർമ്മാണം നിലച്ചു
വെള്ളരിക്കുണ്ട് : വാട്ടർ അതോറിറ്റിയുടെ പിടിവാശിയിൽ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് റോഡ് നിർമാണം നിലച്ചു .മെക്കാഡം ടാർ ചെയ്ത വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇവിടെ റോഡ് പ്രർവർത്തി നടന്നുവരികയായിരുന്നു. എന്നാൽ നിരവധി സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി. ഇതേത്തുടർന്ന് കരാറുകാരൻ വാട്ടർ അതോറിറ്റിയെ വിവരം അറിയിക്കുകയും അവരുടെ നിർദേശത്തെ തുടർന്ന് പൈപ്പുകൾ വാങ്ങി നൽകുകയും ചെയ്തു. എന്നാൽ ഈ വാങ്ങിയ പൈപ്പുകൾക്ക് വേണ്ടത്ര നിലവാരം ഇല്ല എന്ന് പറഞ്ഞ് പൈപ്പിടാൻ വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടില്ല . നിലവിലുണ്ടായിരുന്ന പൈപ്പുകൾ ആറ് ഗയിജിൻ്റെ ആണെന്നും ഇപ്പോൾ വാങ്ങിയിരിക്കുന്നത് അതേ നിലവാരമുള്ള പൈപ്പ് തന്നെ ആണെന്നും കരാറുകാരൻ പറയുന്നു. ഇതേത്തുടർന്ന് കരാറുകാരൻ റോഡ് പ്രവർത്തി നിർത്തിവെച്ചിരിക്കുകയാണ്. 15 ദിവസമായി പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ല. താലൂക്ക് ആസ്ഥാനത്തേക്ക് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴി നിർമ്മാണം പകുതി ആയതോടെ കാൽനടയാത്ര പോലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻറ് ജിമ്മി ഇടപ്പാടി മുന്നറിയിപ്പുനൽകി .
No comments