Breaking News

റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് കുന്നുംകൈ ചിറ്റാരിക്കൽ റോഡിൽ നാട്ടുകാർ റീത്ത് വച്ച് ഉപരോധിച്ചു


ചിറ്റാരിക്കാൽ: റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതോടെ യാത്രാദുരിതം രൂക്ഷമായ കുന്നുംകൈ-ചിറ്റാരിക്കാൽ റോഡിൽ പൊതുമരാമത്ത്,ജലവകുപ്പുകൾക്കു പ്രതീകാത്മകമായി റീത്തുവച്ചു നാട്ടുകാരുടെ പ്രതിഷേധം.

ഇന്നലെ രാവിലെയാണ് കമ്മാടത്ത് നാട്ടുകാർ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടിയ്ക്ക് രാഹുൽ പി.കൊഴുമ്മൽ, ജിമ്മി കാനാട്ട്, എം.ടി.കൃഷ്ണൻ, സജി പുതിയാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. നിർമാണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

ഗോക്കടവ് മുതൽ മണ്ഡപം വരെയും കോടംകല്ല് മുതൽ കുന്നുംകൈ വരെയുമുള്ള ഭാഗങ്ങളിലാണ് മാസങ്ങൾക്കു മുൻപ് നിർമാണമാരംഭിച്ചത്. എന്നാൽ ഇവിടെ പലയിടത്തും ടാറിങ് ഇളക്കി മാറ്റിയതല്ലാതെ മറ്റു പണികളൊന്നും പൂർത്തിയാക്കിയിട്ടില്ല. കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനുകൾ മാറ്റി സ്ഥാപിക്കാത്തതിനാലാണ് റോഡിൽ നിർമാണം നടത്താനാകാത്തതെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ ജലവകുപ്പും ആരംഭിച്ചിട്ടുമില്ല.

റോഡിൽ കലുങ്ക് നിർമാണം, പാർശ്വഭിത്തി നിർമാണം എന്നിവയും പലയിടത്തും പാതിവഴിയിലാണ്. മണ്ണും കല്ലും റോഡിലേക്കു കൂട്ടിയിട്ടതിനാൽ വാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടായി.വേനൽകാലമായതിനാൽ റോഡിലെ കനത്ത പൊടിയും സമീപ പ്രദേശത്ത താമസക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. മഴക്കാലമെത്താൻ ഇനി രണ്ടുമാസം മാത്രം ശേഷിക്കെ നിർമാണം വൈകിയാൽ ഇതുവഴി കാൽനടയാത്രപോലും സാധ്യമാകില്ലെന്നും നാട്ടുകാർ പറയുന്നു.

No comments