തലശ്ശേരിയിൽ സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും; നസീർ CPM അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന് കെ സുരേന്ദ്രൻ
കണ്ണൂർ: തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ പ്രാദേശിക നേതാവ് സി ഒ ടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചു. പിന്തുണയ്ക്കായി സിഒടി നസീർ ബിജെപി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീർ പിന്തുണ ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇതുവരെ ബിജെപിയുടെ നിലപാട്. നസീർ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർഥി ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതോടെ തലശ്ശേരിയിലെ എൻ ഡി എ സ്ഥാനാർഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിച്ചു.
ഇന്ത്യൻ ഗാന്ധിയൻ പാർട്ടി പ്രതിനിധി സി ഒ ടി നസീറിനെ പിന്താങ്ങാനാണ് ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സി ഒ ടി നസീറിനായി ബിജെപി പ്രവർത്തകർ സജീവമായി പ്രചരണ രംഗത്ത് ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
തലശ്ശേരിയിൽ ജില്ലാ അധ്യക്ഷൻ എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് ബിജെപിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിരുന്നു. ഏറെ പ്രതീക്ഷ പുലർത്തിപ്പോന്ന മണ്ഡലത്തിൽ സ്ഥാനാർഥി ഇല്ലാതെ വന്നത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ജില്ലാ നേതൃത്വം വിലയിരുത്തി. ഇതിനെത്തുടർന്നാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.
No comments