തെരഞ്ഞെടുപ്പ് ചട്ടലംഘനം; കെകെ രാഗേഷ് എംപിക്കും കണ്ണൂർ കോർപ്പറേഷൻ മേയർക്കും ജില്ലാ കലക്ടറുടെ നോട്ടീസ്
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് കെകെ രാഗേഷ് എംപിക്കും കണ്ണൂർ കോർപ്പറേഷൻ മേയർ ടിഒ മോഹനനും കണ്ണൂർ ജില്ലാ കലക്ടർ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്കരണ പ്ലാൻ്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടിസ് നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെകെ രാഗേഷ് എംപി മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തുതുവെന്നാണ് കണ്ടെത്തൽ. മേയർ ടിഒ മോഹനൻ ചിക്കൻ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി. നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ ടിവി സുഭാഷിൻ്റെ നിർദേശം. ചട്ടം ലംഘിച്ചിട്ടില്ലെന്നും നോട്ടിസ് ലഭിച്ചാൽ ഉടൻ മറുപടി നൽകുമെന്നും ഇരുവരും അറിയിച്ചു.

No comments