തൃക്കരിപ്പൂരിലും ഉദുമയിലും തര്‍ക്കം: കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി: കൂട്ടരാജിയുമായി നേതാക്കള്‍
കാസര്‍കോട്: ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി. തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫിന് വിട്ട് കൊടുത്തപ്പോള്‍ ജില്ല നേതൃത്വവുമായി ആലോചിച്ചിട്ടില്ലെന്നും, ഉദുമ സീറ്റില്‍ ജില്ലയിലെ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരെ പരിഗണിച്ചില്ലെന്നും ആരോപിച്ചാണ് 10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചത്.
ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലും രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. ഹക്കിമിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് ശേഷം ഔദ്യോഗികമായി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജില്ലയില്‍ മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ തൃക്കരിപ്പൂര്‍ സീറ്റ് വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്നതാണ്. ജില്ല നേതൃത്വവുമായി ചര്‍ച്ച നടത്താതെയാണ് ഈ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൈമാറിയത്. ജില്ലയിലെ നേതാക്കളുമായി ഒരു ആലോചനയുമില്ലാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നതെന്ന് കെപിസിസി നേതാവ് കെ.പി.കുഞ്ഞിക്കണ്ണനും ആരോപിച്ചു.
ഉദുമ സീറ്റിലേക്ക് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, കെ.നീലകണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ബാലകൃഷ്ണന്‍ പെരിയയുടെ പേര് മാത്രമാണ് പരിഗണിക്കുന്നതെന്ന സൂചന ലഭിച്ചതോടെയാണ് 10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചത്. ഉദുമ സീറ്റില്‍ ഉള്‍പ്പെടെ ഒരു സീറ്റിലും ഒരാലോചനയും നടത്തിയിട്ടില്ലെന്നും ഡിസിസി നേതാക്കള്‍ ആരോപിക്കുന്നു.

No comments