Breaking News

വെള്ളരിക്കുണ്ടിൽ തെരുവ്നായ ശല്യം രൂക്ഷം; നിരവധി പേർക്ക് ഭ്രാന്തൻനായയുടെ കടിയേറ്റു



വെള്ളരിക്കുണ്ട്: (www.malayoramflash.com) വെള്ളരിക്കുണ്ട് മങ്കയം പ്രദേശങ്ങളിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരേയും കാൽനടയാത്രക്കാരേയും നായ അക്രമിച്ചു. നിരവധി പേർക്ക് കടിയേറ്റു. മങ്കയത്തെ എട്ടിയിൽ സണ്ണി, മുഹമ്മദ് കുഞ്ഞി, അന്തുക്ക എന്നിവർ നായയുടെ കടിയേറ്റതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തി കുത്തിവെപ്പ് നടത്തി. വെള്ളരിക്കുണ്ടിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് ആഴ്ച്ചകൾക്ക് മുമ്പ് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ നടപടി കൈക്കൊള്ളേണ്ട അധികൃതർ ഇപ്പോഴും സാങ്കേതികത്വം പറഞ്ഞ് മൗനം പാലിക്കുകയാണ്. ഗ്രാമസഭയിലടക്കം ഈ വിഷയം ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ജനജീവിതത്തിന് ഭീഷണിയായി മാറുന്ന ഇത്തരം തെരുവ് നായകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടത്തിന് വഴിവെക്കാനുള്ള സാധ്യതയുണ്ട്. കുട്ടികൾ അടക്കമുള്ളവർക്ക് വലിയ ഭീഷണിയായി ഭ്രാന്തൻ നായകൾ ജനവാസ കേന്ദ്രങ്ങളിലെത്തി അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം മങ്കയം പി.എച്ച്.സിക്ക് സമീപത്ത് വച്ചാണ് സണ്ണി എന്നയാളെ ഭ്രാന്തൻ നായ പിടിവിടാതെ കടിച്ചത്, ഒടുവിൽ ആളുകളെത്തി നായയെ ഓടിച്ചതിനാലാണ് വലിയ അപകടത്തിൽ നിന്നും അദ്ദേഹം രക്ഷപെട്ടത്. നിരവധി വീടുകളിലെ കോഴികളേയും നായ കടിച്ചു കൊന്നു. മലയോരത്ത് വെറ്റിനറി വിഭാഗവും സജീവമല്ല. വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ അടുത്ത കാലത്തായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തി യാത്രക്കാരെ അക്രമിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ആവശ്യമാണ്, അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

No comments