Breaking News

കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്; വ്യാപാരി വ്യവസായി എകോപന സമിതി


കാഞ്ഞങ്ങാട്: കഴിഞ്ഞ ഒരു വർഷ കാലത്തിലേറേയായി എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട്, അത് കാരണമായുണ്ടായ എല്ലാ നഷ്ടങ്ങളും സഹിച്ചു കൊണ്ട് പ്രവർത്തിച്ചവരാണ് കേരളത്തിലെ കച്ചവടക്കാർ. ഇത് കാരണം നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ് വ്യാപാര മേഖല. പല കച്ചവട സ്ഥാപനങ്ങളും പൂട്ടിപ്പോകാൻ പോലും ഇത് കാരണമായിട്ടുണ്ട്. എന്നാൽ മറ്റൊരു മേഖലയിലും ഇത് പോലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ മുന്നോട്ട് വന്നിട്ടില്ല എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ കഴിഞ്ഞു പോയ തെരഞ്ഞെടുപ്പ് കാലം. ഇക്കാലത്തും സർവ്വ നിബന്ധനകളും അനുസരിച്ചു കൊണ്ട് തന്നെയാണ് വ്യാപാരികൾ പ്രവർത്തിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് ബാധമാക്കാത്ത നിയന്ത്രണങ്ങൾ വ്യാപാരിസമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കരുത്. 

കഴിഞ്ഞ ഒരു വർഷത്തിലേറേയായി പ്രവർത്തന സമയം ചുരുക്കിയത് കാരണം അവതാളത്തിലായ, വ്യാപാര മേഖലയുടെ ഉയിർത്തെഴുന്നേൽപിന്റെ ലക്ഷണങ്ങൾ ചെറിയ തോതിലെങ്കിലും  ദൃശ്യമാകുന്ന സമയമാണിത്. വിഷു, പെരുന്നാൾ സീസണുകൾ മുന്നിലുണ്ട്. ഈ അവസരത്തിൽ കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കിയാൽ അത് ആൾത്തിരക്കിന് കാരണമാകും. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവരും സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് തിരക്കുണ്ടാകുന്നത്. അതിനാൽ, ആകാവുന്ന അത്രയും കൂടുതൽ സമയം പ്രവർത്തിക്കുവാൻ സ്ഥാപനങ്ങളെ അനുവദിക്കുകയാണ് ശാസ്ത്രീയമായ മാർഗ്ഗം. താല്പര്യപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. 

ഇത് തിരിച്ചറിയാതെ സമയ നിയന്ത്രണങ്ങളേർപ്പെടുത്താൻ അധികൃതർ മുതിരരുത്. അങ്ങനെ സംഭവിച്ചാൽ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് തിരിയാൻ വ്യാപാരി സമൂഹം നിർബന്ധിതമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു. കാഞ്ഞങ്ങാട് വ്യപാര ഭവനിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ്ഷെറീഫ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. ലക്ഷമണൻ , പി.പി.മുസ്തഫ, സി.എച്ച്. ഷംസുദ്ദീൻ, ശങ്കരനാരായണമയ്യ, എ.എ.അസീസ്, ഹംസ പാലക്കി, ശശിധരൻ ജി.എസ്. ശിഹാബ് ഉസ്മാൻ , പി.മുരളിധരൻ , എ.വി.ഹരിഹരസുതൻ ,എം.പി.സുബൈർ, ബഷീർ കനില എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി. സ്വാഗതവും ജില്ലാ ട്രഷറർ മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു.

No comments