വീട്ടമ്മയ്ക്ക് വിഷു കൈനീട്ടമായി സ്നേഹവീട് നിർമ്മിച്ച് നൽകി സഹപാഠികൾ എളേരിത്തട്ട് ഗവ.കോളേജ് പ്രഥമ പ്രീഡിഗ്രി ബാച്ചിന്റെ ക്ലാസ്‌മേറ്റ് കൂട്ടായ്മയാണ് കരുവന്‍ചാലിലെ രമണിക്ക് വീട് നിർമ്മിച്ച് കൈമാറിയത്
വെള്ളരിക്കുണ്ട്: 38 വര്‍ഷത്തിന് ശേഷം എളേരി കോളേജിലെ സഹപാഠികൾ ഒന്നിച്ച് ചേർന്നത് ഒരു വലിയ ദൗത്യം ഏറ്റെടുത്തു കൊണ്ടായിരുന്നു. നിർധനയായ സഹപാഠിക്ക് കൈത്താങ്ങേകാൻ അവർ ഒരുമിച്ച് കൈകോർത്തു. അങ്ങനെ കരുവന്‍ചാല്‍ കാവുംകുടിയിലെ രമണി മഴ ചോരുന്ന ചെറ്റക്കുടിലിൽ നിന്നും വിഷുകൈനീട്ടമായി കിട്ടിയ അടച്ചുറപ്പുള്ള മനോഹരമായ വീട്ടിലേക്ക്..
എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജ് പ്രഥമ പ്രീഡിഗ്രി ബാച്ചിന്റെ ക്ലാസ്‌മേറ്റ് കൂട്ടായ്മ്മയാണ് കരുവന്‍ചാലിനടുത്തെ കാവുംകുടിയില്‍ രമണിക്കും മകള്‍ക്കും വിഷു കൈനീട്ടമായി മനോഹരമായ സ്‌നേഹ വീട് നിര്‍മ്മിച്ചു നല്‍കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ കാവുംകുടിയിലെ രമണിയുടെ വീട്ടില്‍ ഞായറാഴ്ച പാലു കാച്ചല്‍ നടന്നു.
എളേരിത്തട്ട് കോളേജിലെ പ്രഥമ ഡിഗ്രി ക്ലാസിലെ പഠിക്കാന്‍ മിടുക്കിയായ കുട്ടിയായിരുന്നു രമണി.
ജീവിതത്തിനിടയില്‍ ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ നേരിട്ട രമണിയും കുടുംബവും കഴിഞ്ഞിരുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഒരു കുടിലില്‍ ആയിരുന്നു.
ആദ്യം മകന്‍ നഷ്ടപ്പെട്ടു. പിന്നാലെ രമണിയുടെ ഭര്‍ത്താവും മരിച്ചു. ആരോടും പരാതിയും പരിഭവവും ഇല്ലാതെ കാവും കുടിയിലെ അഞ്ചു സെന്റ് ഭൂമിയില്‍ പ്രായ പൂര്‍ത്തിയായ മകളുമായി ദുരിതജീവിതം നയിച്ചു വരുന്നതിനിടയിലാണ് എളേരിത്തട്ട് കോളേജിലെ പഴയ കൂട്ടുകാരും പഠിപ്പിച്ച അധ്യാപകനും രമണിയുടെ ദുരിത ജീവിതം അറിയുന്നത്.
നാട്ടിലും വിദേശത്തും ആയി ജോലി ചെയ്യുന്ന രമണിയുടെ കൂടെ പഠിച്ചവര്‍ തങ്ങളുടെ പഴയ കൂട്ടുകാരിയെ സഹായിക്കാന്‍ രംഗത്ത് വന്നു.
വീട് നിര്‍മ്മാണ കമ്മറ്റി രൂപീകരിക്കുകയും കാവും കുടിയില്‍ എത്തി അവിടുത്തെ നാട്ടുകാരുടെയും വാര്‍ഡ് മെമ്പറുടെയും സകരണത്തോടെ വിഷുവിനു മുന്‍പ് രമണിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമായുമായിരുന്നു. ആറു ലക്ഷം രൂപയോളം ചിലവഴിച്ചു നിര്‍മ്മിച്ച രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യം അടങ്ങിയ കോണ്‍ക്രീറ്റ് വീടിന്റെ താക്കോല്‍ ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ ക്ലാസ് മേറ്റ് ടീം രമണിക്ക് കൈമാറിയപ്പോള്‍ അവർ സന്തോഷം കൊണ്ട് വിങ്ങി.
രമണിയുടെ അന്നത്തെ ഹിന്ദി അദ്ധ്യാപകനും എളേരിത്തട്ട് ഇ. കെ. നായനാര്‍ കോളേജിലെ റിട്ട പ്രിന്‍സിപ്പാളുമായ പ്രഫ. സലിം കുമാര്‍ ക്ലാസ്‌മേറ്റ് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ രമണിക്കു കൈമാറി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിഷാ ബിജു അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണന്‍, പി. സുബാഷ്, എം.വി ജോസഫ്, കെ.എ രാധ, മേരി ടീച്ചര്‍, റിട്ട.എസ്. ഐ മാരായ കെഡി. സുകുമാരന്‍, ഇ.വി രാജേന്ദ്രന്‍, ജെയ്‌സമ്മ,
മാമച്ചന്‍ എന്നിവര്‍ നന്മ നിറഞ്ഞ ചടങ്ങിൽ സന്നിഹിതരായി.
No comments