Breaking News

ജില്ലയിലെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ലൈബ്രറി കൗൺസിലും


കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുന്ന വാക്സിൻ ചലഞ്ചിൽ മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും ലൈബ്രേറിയൻമാരും ലൈബ്രറി കൗൺസിൽ ജീവനക്കാരും അണിനിരക്കാൻ കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ അഭ്യർത്ഥിച്ചു. ചലഞ്ചിന് തുടക്കംകുറിച്ച് താലൂക്ക് - ജില്ല-സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഒരു സിറ്റിംഗ് ഫീസും ഭാരവാഹികൾ ഒരു മാസത്തെ പകുതി അലവൻസ് തുകയും സംഭാവനയായി നൽകും. മുഴുവൻ ഗ്രന്ഥശാലാ കമ്മിറ്റിയംഗങ്ങളും ഭാരവാഹികളും വ്യക്തിപരമായ സംഭാവന മെയ് 10നകം താലൂക്ക് കൗൺസിലിന് കൈമാറാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.


ലൈബ്രേറിയൻമാരിൽ നിന്നും വനിതാ വയോജന പുസ്തക വിതരണ കേന്ദ്രങ്ങളിലെ വനിതാ ലൈബ്രേറിയൻമാരും ഒരു ഡോസ് വാക്സിൻ്റെ തുകയായ 400 രൂപയാണ് നൽകുക. ജീവനക്കാരും ചലഞ്ചിൽ അണിചേരും. താലൂക്ക് ഓഫീസിൽ വാക്സിൽ ചലഞ്ച് തുക എത്തിക്കുന്നതിന് പ്രയാസമുണ്ടെങ്കിൽ ഓൺലൈൻ ബാങ്കിംഗിലൂടെ താലൂക്കിൻ്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്. കേരളം ഇതുവരെ അഭിമുഖീകരിക്കാത്ത വിധത്തിലുള്ള പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നടക്കുന്ന വാക്സിൻ ചലഞ്ചിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും അണിചേരണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ: പി.പ്രഭാകരൻ എന്നിവർ അഭ്യർത്ഥിച്ചു.

No comments