Breaking News

ഇടിമിന്നൽ സൂക്ഷിക്കുക: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും


സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും കാസർകോട്, പാലക്കാട്, ജില്ലകളിൽ നിന്നായി രണ്ട് പേരുമാണ് മരിച്ചത്.

പാലക്കാട്:


പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെയാണ് ഒരാൾ മിന്നലേറ്റ് മരിച്ചത്. തച്ചമ്പാറ മുൻ പഞ്ചായത്ത് മെമ്പർ ഗണേഷ് കുമാർ എന്ന ബേബിയാണ് (46) മരിച്ചത്.

കാഞ്ഞിരപ്പുഴ ഡാം മത്സ്യ സൊസൈറ്റി അംഗമായ ഗണേഷ് കുമാറും സഹപ്രവർത്തകരും ഡാമിൽ വല ഇടുന്നതിനിടയാണ് മിന്നലേറ്റത്. പുഴയിൽ വീണ ഇദ്ദേഹത്തെ സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുനില. മക്കൾ: കണ്ണൻ, കുഞ്ഞുമണി.



കാസർകോട്:

കാസർകോട് കസബ കടപ്പുറത്താണ് ഒരാൾ മിന്നലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ബാബുരാജ് എന്നയാളാണ് മരിച്ചത്.

മലപ്പുറം:

മലപ്പുറം ജില്ലയിൽ ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരൻ(47), രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുൽ റസാഖിന്റെ മകൻ ഷമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ എടവണ്ണയിൽ വച്ചാണ് ദിവാകരന് മിന്നലേൽക്കുന്നത്. ഭാര്യയടക്കം കുറെ ആളുകളും ഒപ്പമുണ്ടായിരുന്നു.

ദിവാകരന്‍റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സീതയാണ് ഭാര്യ. മക്കൾ: മുത്തു, നന്ദു. മരുമകൾ: വിചിത്ര.

വീട്ടിൽവച്ചാണ് ഷമീമിന് മിന്നലേൽക്കുന്നത്.

സംസ്ഥാനത്തെ പലയിടത്തും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഏപ്രിൽ പതിനാല് വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതുകൊണ്ട് തന്നെ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

പൊതു നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

No comments