മൊബൈൽ ഫോൺ കൈയിലുള്ളവർ സൂക്ഷിച്ചോ! അശ്രദ്ധമായ ഫോൺ ഉപയോഗം നിങ്ങളെ അപകടത്തിലാക്കും
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ അശ്രദ്ധമായി നടന്ന് മറ്റുള്ളവരുമായി കൂട്ടിയിടിക്കുന്നതും വാഹനങ്ങൾ ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് വഴി വാഹനം ഇടിക്കുന്നതുമൊക്കെ ഇപ്പോൾ പതിവ് കാര്യങ്ങളാണ്. ചിലപ്പോൾ ഇത്തരം അപകടങ്ങൾ ജീവൻ അപഹരിക്കുന്ന തരത്തിൽ മാരകമായി മാറാറുണ്ട്. ഫോണിൽ ശ്രദ്ധ പതിപ്പിച്ച് മറ്റ് കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള നിരവധി അബദ്ധങ്ങൾ വാർത്തകളിൽ ഇടം നേടിയിട്ടുമുണ്ട്.
ഫോണിൽ നോക്കി നടക്കുന്നതിനിടെ ഒരു യുവതി മാളിലെ ഫൌണ്ടെയ്നിൽ വീഴുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റൊരു വീഡിയോയിൽ സ്പെയിനിലെ മാഡ്രിഡിൽ ഒരു സ്ത്രീ മെട്രോ റെയിൽ പ്ലാറ്റ്ഫോമിലൂടെ നടന്ന് ട്രെയിൻ അടുക്കുമ്പോൾ ട്രാക്കിലേയ്ക്ക് വീഴുന്നത് കാണാം. യുവതി ഫോൺ നോക്കി നടന്നതിനാൽ പ്ലാറ്റ്ഫോം അവസാനിച്ചത് അറിയാത്തതാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണം.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ഫോണുകൾ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവുകയും റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നതായി വ്യക്തമാക്കുന്നു. “ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർ ഫോൺ ഉപയോഗിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവറേക്കാൾ ഏകദേശം നാലിരട്ടി അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വഴി ഡ്രൈവർമാരുടെ കണ്ണും മനസ്സും റോഡിൽ നിന്നും ചുറ്റുപാടുമുള്ള അന്തരീക്ഷത്തിൽ നിന്നും വ്യതിചലിക്കാൻ കാരണമാകുന്നു.
പ്യൂ റിസേർച്ച് റിപ്പോർട്ട് അനുസരിച്ച്, സർവ്വേയിൽ പങ്കെടുത്ത 49% ആളുകൾ ഡ്രൈവർമാർ അവരുടെ സെൽഫോണിൽ സന്ദേശങ്ങൾ അയയ്ക്കുമ്പോഴോ വായിക്കുമ്പോഴോ കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. 44% ആളുകൾ തങ്ങളെ അല്ലെങ്കിൽ മറ്റുള്ളവരെ അപകടത്തിലാക്കുന്ന രീതിയിൽ സെൽഫോൺ ഉപയോഗിച്ച് വാഹനമോടിച്ച ഡ്രൈവർക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. 2009 സെപ്റ്റംബറിലെ ഒരു സർവേയിൽ 16-17 വയസ് പ്രായമുള്ള കൌമാരക്കാരിൽ മൂന്നിൽ ഒരു ശതമാനം ആളുകളും (34%) ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ഡ്രൈവിംഗിനു പുറമെ, മുതിർന്നവരിൽ ആറിലൊരാൾ (17%) മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ ആളുകളുമായോ വസ്തുക്കളുമായോ കൂട്ടിയിടിച്ചിട്ടുണ്ടെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫോണിൽ സംസാരിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യുന്നതിലൂടെ ശ്രദ്ധ മാറുന്നതാണ് ഇതിന് കാരണം.
അതുപോലെ, ഒഹായോ യൂണിവേഴ്സിറ്റി, ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യുഎസിലെ നെബ്രാസ്ക യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ പഠനസമയത്ത് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ പഠനത്തിൽ കുറഞ്ഞ സ്കോർ നേടുന്നതായും റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോണുകൾ ഉപയോഗിച്ചു കൊണ്ട് ആളുകൾ പല ജോലികൾ ചെയ്യുമ്പോൾ അവരുടെ വൈജ്ഞാനിക സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കാൻ പരസ്പരം മത്സരിക്കുകയും തൽഫലമായി പല തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി ഗവേഷകർ പറയുന്നു.
പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ ആരെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കാൻ യു.കെ. സർക്കാർ പരിഗണിക്കുന്നതായി ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോൾ ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിയമ പ്രകാരം നിരോധിക്കുമെന്നാണ് വിവരം.
No comments