നാടിൻ്റെ പ്രാർത്ഥനയും കരുതലും തുണയായി വോളിതാരം നജ്മുദ്ദീന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു
വെള്ളരിക്കുണ്ട്: കാസറഗോഡൻ വോളിയിലെ പ്രിയതാരം, വോളി പ്രേമികളുടെ ഇഷ്ട തോഴൻ, തന്റെ കഠിനാധ്വാനം കൊണ്ട് കാസറഗോഡൻ വോളിയിൽ തന്റെതായ മുഖമുദ്ര പതിപ്പിച്ച് ഒരുപാട് കാലം കളിക്കളം ഭരിച്ച താരപ്രതിഭ, ഇന്ത്യൻ ഇന്റർ നാഷണലുൾപ്പടെയുള്ള താരങ്ങളുടെ കൂടെ കളിച്ച് പ്രതിഭ തെളിയിക്കാൻ അവസരം കിട്ടിയ താരം, കാസറഗോടൻ കായിക ഭൂപടത്തിൽ പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നജ്മുദ്ദീൻ, ഇരുവൃക്കകളും തകരാറിലായതിനെ തുടർന്നു മാസങ്ങളോളം ചികിത്സയിലായിരുന്നു. മാർച്ച് 17 ന് അദ്ദേഹത്തിന്റെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ എറണാകുളം ലേക്ക്ഷോർ ഹോസ്പ്പിറ്റലിൽ ഡോ.എബിയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തികരിച്ചു.
ഇടവിട്ട ദിവസങ്ങളിൽ നടത്തികൊണ്ടിരുന്ന ഫിസിയോതെറാപ്പിയും മറ്റു ചികിത്സയും ശാരീരീകമായും മാനസികമായും വല്ലാതെ അലട്ടുമ്പോഴും പിടിച്ചു നിർത്തിയത് ഡോക്ടറുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും വാക്കുകളും അതുപോലെ, തന്നെ സ്റ്റേഹിക്കുന്ന ഒരു പാട് ആളുകളുടെ ഫോൺ വിളികളും മെസ്സേജുകളുമാണെന്ന് താരം പറയുന്നു. കൂടാതെ കഴിഞ്ഞ കാലങ്ങളിൽ വോളി കോർട്ടിൽ നടത്തിയ പ്രകടനങ്ങളും കാണികളെ സപ്പോർട്ടും ഓർത്തെടുക്കുമ്പോഴും മാനസികമായി ഒരു പാട് ഊർജ്ജം കിട്ടി.
പ്രിയതാരം വിഷമിക്കുന്നത് കണ്ട് കായിക പ്രേമികൾ കൈ കോർത്തത് ഒരു തുണയായി. കാസറഗോഡ് വോളിബോൾ അസ്സോസിയേഷൻ മുൻകൈ എടുത്ത് ചികിത്സ സഹായ ഫണ്ട് അഭ്യർത്ഥിച്ചതും നാനാ ഭാഗത്തു നിന്നും സഹായം ഒഴുകിയെത്തി. കേരള ഗവൺമെന്റ് , കൂടെ കളിച്ചവർ , കൂടെ പഠിച്ചവർ, ഒന്നിച്ച് ജോലിയെടുത്തവർ, കുടുംബക്കാർ, പല വാർട്സ് ആപ്പ് ഗ്രൂപ്പുകൾ, വോളി പ്രേമികൾ, കോച്ചുമാർ, നേരിട്ട് അറിയുന്നവർ, മാത്രമല്ല ഒരിക്കൽ പോലും അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത, അദ്ദേഹത്തെ അറിയാത്ത എങ്കിലും ഒരു കായിക താരം രോഗത്തിലാണെന്ന് അറിഞ്ഞ് അകമഴിഞ്ഞ് സഹായിച്ചവർ, പല ഭാഗങ്ങളിലും നിന്നും , ഗ്രൂപ്പുകളിൽ നിന്നും ഫണ്ട് സ്വരൂപീക്കാൻ നേതൃത്വമേറ്റടുത്തവർ, അതുപോലെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെ മനസ്സുകൊണ്ട് കൂടെ നിന്നവർ , അങ്ങനെ എല്ലാവരുടേയും ഒരേ മനസോടെ കൈ കോർത്തതു കൊണ്ടാണ് നജ്മു ജീവിതത്തിലേക്ക് തിരിച്ചു കയറിയത്
ഡോക്ടർമാർ നിർദ്ദേശിച്ച ആറു മാസം വിശ്രമം കഴിഞ്ഞ് വീണ്ടും കളിക്കളത്തിൽ നിറഞ്ഞാടാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് നജ്മുദ്ദീനും വോളി താരങ്ങളും.
No comments