Breaking News

സോഷ്യൽ മീഡിയ വഴി ഡിസിസി പ്രസിഡൻ്റിനെ അപമാനിച്ചു; യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മാലോത്തെ മാർട്ടിൻ ജോർജിനെ പാർട്ടിയിൽ നിന്നും സസ്പൻ്റ് ചെയ്തു


വെള്ളരിക്കുണ്ട് : ഡി. സി. സി. പ്രസിഡന്റ് ഹക്കിം കുന്നിലിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ സസ്പെൻഡ്‌ ചെയ്തു.

യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വെള്ളരിക്കുണ്ട് മാലോം സ്വദേശി മാർട്ടിൻ ജോർജിനെയാണ് തൽസ്ഥാനത്തു നിന്നും ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഹക്കിം കുന്നിൽ സസ്പെൻറ് ചെയ്തത്.

ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം തപാൽ മാർഗം മാർട്ടിന് ലഭിച്ചു.


ഹക്കിം കുന്നിൽ നേരും നെറിയുമുള്ള കോൺഗ്രസ്സ് പ്രവർത്തകരോട് പക പോക്കൽ രാഷ്ട്രീയം കളിക്കയുകയാണെന്നും മലയോരത്തെ പ്രമുഖ കോൺഗ്രസ്സ് നേതാവിനെതിരെ പ്രവർത്തിക്കാൻ വേണ്ടി പറഞ്ഞപ്പോൾ അത് ചെയ്യാതിരുന്നതിനാണ് തന്നെ യൂത്ത്‌ കോൺഗ്രസ്സ് ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കാൻ കാരണം. മരണം വരെയും കോൺഗ്രസ്സ് പാർട്ടിക്കൊപ്പം നില കൊള്ളുമെന്നും മാർട്ടിൻ ജോർജ്  പറഞ്ഞു.


തിരഞ്ഞെടുപ്പ് സമയത്താണ് കാസർ കോട് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഹക്കിം കുന്നിലിനെതിരെ സോഷ്യൽ മീഡിയയിൽ യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.

കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബളാൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമായ രാജു കട്ടക്കയത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാതെവരികയും ഇതിനിടയിൽ കെ. പി. സി. സി. ജനറൽ സെക്കട്ടറി സ്ഥാനം കിട്ടുകയും രണ്ടു ദിവസം കൊണ്ട് അത് റദ്ദ് ചെയ്യുകയും ചെയ്‌തതോടെയാണ് രാജു കട്ടക്കയത്തെ പിന്തുണക്കുന്ന മലയോരത്തെ യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ ഹക്കിം കുന്നിലിനെതിരെ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്.


രാജു കട്ടക്കയത്തിന് സീറ്റ് നിഷേധിച്ചതിനു പിന്നിലും കെ. പി. സി. സി. ജനറൽ സെക്രട്ടട്ടറി സ്ഥാനം റദ്ദ് ചെയ്തതും ഹക്കിം കുന്നിലിന്റെ ഇടപെടൽ മൂലമാണെന്നതിനാലാണ് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

മലയോരത്തു ഇതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ ക്കിടയിൽ വൻ പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു.


തിരഞ്ഞെടുപ്പ് പോലും ബഹിഷ്‌കരിക്കാൻ ഇരിക്കുന്നതിനിടെ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെടുകയും രാജു കട്ടക്കയം ഉൾപ്പെടെ ഉള്ള വരെ അനുനയിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചു എന്ന് കാണിച്ചു ഇപ്പോൾ പുറത്താക്കിയ മാർട്ടിൻ ജോർജ് ഉൾപ്പെടെ ഉള്ള ആറ് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകരുടെ പേരിൽ ഹക്കിം കുന്നിൽ കാസർകോട് ഡി. വൈ. എസ്. പി. ക്ക് പരാതിയും നൽകിയിരിന്നു


പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ പോലീസിന് മുൻപാകെ ഹാജരാവുകയും മൊഴി യും നൽകിയിരുന്നു.

അന്ന് ആ പ്രശ്‌നം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഇപ്പോൾ വീണ്ടും ഡി. സി. സി. പ്രസിഡന്റ് യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനെ സസ്പെൻറ് ചെയ്തിരിക്കുന്നത്.

No comments