Breaking News

കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു


കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്സിൻ കൊച്ചിയിലെത്തിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ

പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 3.5 ലക്ഷം കോവിഷീൽഡ് വാക്സിൻ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വാക്സിൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്സിൻ കൊണ്ടുപോകും. ഇതിന് ശേഷമാകും ജില്ലകൾക്ക് വിതരണം ചെയ്യുക

രോഗവ്യാപനം കൂടുതലുള്ള എറണാകുളം, കോഴിക്കോട് ജില്ലകൾക്ക് കൂടുതൽ വാക്‌സിൻ ലഭിച്ചേക്കും. പതിനെട്ടിനും 45 നും വയസ്സിന് ഇടയിലുള്ളവർക്കാണ് ഈ വാക്സിൻ കൂടുതൽ പരിഗണന നൽകുക. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ളവർ, ഷോപ്പുകളിൽ ജോലി ചെയ്യന്നവർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് എല്ലാം വാക്സിൻ ലഭ്യമാക്കും

കടുത്ത വാക്സിൻ ക്ഷാമത്തെ തുടർന്നായിരുന്നു സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് ഒരുകോടി വാക്സിൻ വാങ്ങാൻ തീരുമാനിച്ചത്. 70 ലക്ഷം കോവിഷീൽഡ് വാക്സിനും 30 ലക്ഷം കോവാക്സിനുമാണ് വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ ആദ്യ ബാച്ചാണ് എറണാകുളത്ത് എത്തിയത്. കൂടുതൽ വാക്സിൻ വൈകാതെ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

No comments