കണ്ണൂർ ഇരിട്ടിയിലെ സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ
കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച പ്രതികൾ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.
ഇരട്ടി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് 26 ലാപ്ടോപ്പുകൾ ആണ് ഇവർ മോഷ്ടിച്ചത്. ഇവയിൽ 24 ലാപ്ടോപ്പുകളും ചാർജറുകളും കണ്ണൂർ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകൾ മോഷണം പോയത്. ഹൈസ്‌കൂള്‍ ഇ ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികൾ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളിൽ നിന്ന് രണ്ട് ലാപ്ടോപ്പുകൾ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയെ സമീപിക്കും.
No comments