Breaking News

ഒന്നിച്ച് പോരാടാന്‍ ദ്വീപുകാര്‍: നാളെ സര്‍വകക്ഷി യോഗം




കൊച്ചി | ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതം അട്ടിമറിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം വരുന്നു. ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുള്ള പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനായി നാളെ സര്‍വകക്ഷി യോഗം നടക്കും. ദ്വീപ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് നാലിനാണ് ഓണ്‍ലൈനായി യോഗം നടക്കുക. ദ്വീപിലെ രാഷ്ട്രീയ കക്ഷികളായ ജെ ഡി യു, എന്‍ സി പി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ തുടങ്ങിയ പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുക്കും. ബി ജെ പി പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലും പുറത്തും പ്രക്ഷോഭം നടത്തുന്നതിനൊപ്പം നിയമ നപടികളും നാളത്തെ യോഗത്തില്‍ ആലോചിക്കും. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷികളുളുടേയും നേതാക്കളുടേയും പിന്തുണ തേടും. അഡ്മിനിസ്‌ട്രേറ്ററുടെ കച്ചവട താത്പര്യമാണ് ദ്വീപിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമന്ന് എന്‍ സി പി നേതാവ് പി മുത്തുക്കോയ പറഞ്ഞു. ലക്ഷദ്വീപിന് പുറമെ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായുള്ള ദാദര്‍നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ എന്നിവിടങ്ങളിലും അദ്ദേഹത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു യോജിച്ച പ്രക്ഷോഭത്തിനും ദ്വീപിലെ രാഷ്ട്രീയ നേതാക്കള്‍ ആലോചിക്കുന്നുണ്ട്.



No comments