Breaking News

ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത വായ്പ വരെ; എസ്‌ബി‌ഐ യോനോ ആപ്പ് വഴി വീട്ടിലിരുന്ന് വായ്പ എടുക്കാം




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷനായ എസ്‌ബി‌ഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തിൽ ഇരുചക്ര വാഹന വായ്പകൾ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5 ലക്ഷം രൂപ വരെ ഇരുചക്രവാഹന വായ്പയും ആപ്പിന് പുറത്ത് 20 ലക്ഷം രൂപ വരെ എക്സ്പ്രസ് ക്രെഡിറ്റ് വായ്പയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് യോനോ ആപ്പ് വഴി എക്സ്പ്രസ് ക്രെഡിറ്റ് വായ്പയായി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പ തുക 5-10 ലക്ഷം രൂപ വരെയാണ്.

നിലവിൽ, എസ്‌ബി‌ഐ യോനോ വഴി നൽകുന്ന ശരാശരി വായ്പ തുക 2.5 ലക്ഷം രൂപയാണ്. ഈ സ്കീമിന് കീഴിൽ, ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിലെത്തിയുള്ള പേപ്പർ വർക്കുകളുമില്ല. എന്നാൽ ഈ വായ്പകൾ ബാങ്ക് മുൻകൂട്ടി തിരഞ്ഞെടുത്ത ഒരു വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. ഉപഭോക്താക്കളുടെ മുൻകാല ക്രെഡിറ്റ് ചരിത്രം, തിരിച്ചടവ് ട്രാക്ക് റെക്കോർഡ്, ചെലവിന്റെ സ്വഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വായ്പകൾ നൽകുക. 21,000 കോടിയിലധികം രൂപയുടെ വായ്പകൾ 2020-21ൽ ബാങ്ക് വിതരണം ചെയ്തു.

ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം, എസ്‌ബി‌ഐ യോനോ ഇപ്പോൾ രണ്ട് റീട്ടെയിൽ വായ്പകൾ കൂടി കൂട്ടിച്ചേർത്തു. ഈ വായ്പകളുടെ തടസ്സരഹിതമായ പ്രോസസ്സിംഗിന്, രേഖകൾ ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കിന് ഒരു സംവിധാനം ആവശ്യമാണ്. അതിനാൽ എസ്‌ബി‌ഐ ഒരു ഡിജിറ്റൽ ഡോക്യുമെന്റ് എക്സിക്യൂഷൻ (ഡി‌ഡി‌ഇ) സംവിധാനം പരീക്ഷിച്ച് വരികയാണ്. ഇതിൽ ഡിജിറ്റൽ സിഗ്‌നേച്ചറുകളും മറ്റ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളും ഉൾപ്പെടുന്നു. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം ലഭ്യമായ ഇ-സ്റ്റാമ്പിംഗ് സംവിധാനവും ബാങ്ക് ഉപയോഗപ്പെടുത്തും. പുതിയ എസ്‌ബി‌ഐ ഉപഭോക്താക്കൾക്കും ഈ വായ്പകൾ നൽകാൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്.

ക്രെഡിറ്റ് ഹിസ്റ്ററിയിലേയ്ക്കും മറ്റ് സാമ്പത്തിക വിവരങ്ങളിലേക്കും ഉപയോക്താക്കൾക്ക് തൽക്ഷണവും എളുപ്പത്തിലുള്ളതുമായ പ്രവേശനം നൽകുന്നതിന് എസ്‌ബി‌ഐ ഉടൻ തന്നെ അക്കൗണ്ട് അഗ്രഗേറ്റർ സിസ്റ്റം ആരംഭിക്കുമെന്നാണ് വിവരം. ഒരൊറ്റ വിൻഡോയിലൂടെ വ്യക്തിഗത അല്ലെങ്കിൽ സ്ഥാപനത്തിന്റെ ക്രെഡിറ്റ് ചരിത്രം, നിക്ഷേപങ്ങൾ എന്നിവ പോലുള്ള വിവരങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്ന അക്കൗണ്ട് അഗ്രഗേറ്റർ (എഎ) ചട്ടക്കൂട് 2016ൽ റിസർവ് ബാങ്ക് അംഗീകരിച്ചിരുന്നു.


എസ്‌ബി‌ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം വഴി 10,000 കോടി രൂപയുടെ വായ്പകൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് ബാങ്ക് അവകാശപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) പുതിയ ഭവന വായ്പ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പലിശ നിരക്കുകൾ 6.95% മുതൽ ആരംഭിക്കും.

No comments