മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍
ആലപ്പുഴ: തുറവൂർ കുത്തിയതോടിൽ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പിൽ സ്റ്റീഫൻ(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്. മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. വീട്ടിൽനിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടത്. തുടർന്ന് ബന്ധുക്കൾ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
No comments