അത്യാവശ്യ ഘട്ടങ്ങളിൽ ഓടിയെത്താൻ ആംബുലൻസില്ല; കോവിഡ്കാലം മലയോരത്തിന് ദുരിതകാലം കഴിഞ്ഞദിവസം അത്യാസന്ന രോഗിയെ ആശുപത്രിയിലെത്തിച്ചത് പിക്കപ്പ് ജീപ്പിൽ
വെള്ളരിക്കുണ്ട്: അത്യാവശ്യ ഘട്ടങ്ങളിൽ ഓടിയെത്താൻ ഇരുപത്തിനാല് മണിക്കൂറും സേവന സന്നദ്ധമായ ആംബുലൻസ് സർവ്വീസ് ഇല്ലാത്തത് മലയോരത്തിന് ദുരിതം സമ്മാനിക്കുന്നു. സർക്കാർ ആശുപത്രിക്ക് കീഴിലോ സ്വകാര്യ മേഖലയിലോ ആംബുലൻസ് സർവ്വീസിൻ്റെ ദൗർലഭ്യം ഏറെ പ്രയാസമുണ്ടാക്കുന്നത് മലയോരത്തിനാണ്. മലയോരത്തെ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ കോവിഡ് കാലത്ത് രോഗികളെ എമർജൻസിയായി എത്തിക്കേണ്ടത് കിലോമീറ്ററുകൾ അപ്പുറത്തുള്ള നഗരങ്ങളിലെ ആശുപത്രികളിലേക്കാണ്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിൻ്റെ സൗകര്യം കൂടിയേ തീരു. എന്നാൽ ജില്ലയിൽ കോവിഡ് ആവശ്യങ്ങൾക്കായി ആകെ പതിനാല് ആംബുലൻസുകൾ മാത്രമെയുള്ളു, ഇതാകട്ടെ മിക്ക സമയത്തും രോഗികളേയും കൊണ്ട് കോവിഡ് ആശുപത്രികളിലേക്കുള്ള ഓട്ടത്തിലാണ്. 108 ആംബുലൻസുകളാവട്ടെ കോവിഡ് രോഗികളേയോ സമ്പർക്കത്തിലുള്ളവരേയോ കയറ്റി സർവീസ് നടത്താറില്ല.
താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ആംബുലൻസിൻ്റെ സേവനം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് കൂരാംകുണ്ട് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വ്യക്തിക്ക് ദേഹാശ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ നാട്ടുകാരും ബന്ധുക്കളും ആംബുലൻസിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല, മറ്റ് വഴികളില്ലാതെ പിക്അപ് വാഹനത്തിൽ കയറ്റിയാണ് അത്യാസന്ന നിലയിലായ കൊണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചത്, പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ഇത്തരം ദാരുണ സംഭവങ്ങൾ മലയോരത്ത് ആവർത്തിക്കാതിരിക്കാൻ മികച്ച സൗകര്യമുള്ള ആംബുലൻസോ 24 മണിക്കൂറും ചികിത്സ ലഭ്യമാകുന്ന ആശുപത്രികളോ അത്യാവശ്യമാണ്.
താലൂക്ക് ആസ്ഥാനമായിട്ടു കൂടി മികച്ച സൗകര്യങ്ങളോടെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ആശുപത്രിയുടെ അഭാവമാണ് മലയോരം നേരിടുന്ന വലിയ വെല്ലുവിളി, സ്വന്തക്കാരുടെ ജീവൻ രക്ഷിക്കാൻ കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാടേക്കോ മംഗലാപുരത്തേക്കോ പരിയാരത്തേക്കോ മരണപാച്ചിൽ പാഞ്ഞിട്ടും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ പാതി വഴിയിൽ ജീവൻ പൊലിയുന്നതും മലയോരത്ത് ഒറ്റപ്പെട്ട സംഭവമല്ല.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും അത് കടലാസിൽ മാത്രമാണ്. കെട്ടിടമോ അനുബന്ധ സൗകര്യങ്ങളോ ജീവനക്കാരുടെ നിയമനമോ ഇതുവരെ പൂർത്തിയായിട്ടില്ല.
മലയോര പഞ്ചായത്തുകളിലെ ഭരണകർത്താക്കളും ആരോഗ്യ പ്രവർത്തകരും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും അടിയന്തിര ശ്രദ്ധ കൂടി മലയോരത്തിന് ലഭിക്കേണ്ടതുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന മലയോരത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് വെള്ളരിക്കുണ്ട് പി.എച്ച്.സിയെ പൂർണ്ണതോതിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാൻ മന്ത്രി അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ മുൻകൈ എടുക്കണമെന്നാണ് പൊതുജനാഭിപ്രായം.
അധികൃതരും അധികാരികളും മലയോരത്തിൻ്റെ ദുരിതം തിരിച്ചറിഞ്ഞ് അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകാനാവും ഈ നാടിൻ്റെ വിധി.
✒️ചന്ദ്രു വെള്ളരിക്കുണ്ട്
🖥️ഹരികൃഷ്ണൻ
No comments