Breaking News

ഇന്ന് നിര്‍ണ്ണായകം; ചുഴലിക്കാറ്റ് 200 കിലോ മീറ്റര്‍ വേഗതയാര്‍ജ്ജിക്കും; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് കാസർഗോഡ് , കണ്ണൂർ തീരമേഖലയിൽ ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയും കാറ്റും അതിശക്തമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം കാറ്റിന് ശക്തിയേറും. ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് അമേരിക്കന്‍ ഉപഗ്രഹ റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പാലിക്കേണ്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പറിയിച്ചു.


അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് അമേരിക്കയുടെ നാവികസേന വിഭാഗത്തിലെ ജോയിന്‍റ് ടൈഫൂണ്‍ വാര്‍ണിംഗ് സെന്‍ററാണ് കൃത്യമാര്‍ന്ന സൂചനകളെത്തിച്ചത്. അതേ സമയം ഇന്ത്യന്‍ കാലാവസ്ഥാ സൂചനയില്‍ ചുഴലിക്കാറ്റായിരൂപം മാറിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിതീവ്രന്യൂനമർദ്ദം ടൗട്ടെ എന്ന ചുഴലിക്കാറ്റായി മാറിയേക്കാം എന്നാണ് നിഗമനം. അതേസമയം ഈ മാസം ഒടുവില്‍ ആരംഭിക്കേണ്ട മണ്‍സൂണിനെ നിലവിലെ പ്രതിഭാസം എത്രകണ്ട് സ്വാധീനിക്കും എന്നത് വ്യക്തമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.


സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തീരപ്രദേശങ്ങളിലെല്ലാം വെള്ളംകയറിക്കൊണ്ടി രിക്കുന്നതിനാല്‍ നിരവധിപേരെ മാറ്റിപാര്‍പ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയുടെ പടിഞ്ഞാറന്‍ തീരം, ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ദുരന്തനിവാരണ സേനയ്ക്കൊപ്പം കരസേനയുടെ അഞ്ച് സംഘത്തെ വടക്കന്‍ ജില്ലകളിലേയ്ക്ക് വിന്യസിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനയും രക്ഷാപ്രവര്‍ത്ത നമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചികേന്ദ്രീകരിച്ച് സജ്ജമാണ്.

No comments