ഓട്ടിസം ബാധിച്ച കുട്ടിയെ തല്ലിച്ചതച്ച സംഭവം; പിതാവിനെതിരെ വധ ശ്രമത്തിന് കേസ്
എറണാകുളം : ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ വധ ശ്രമത്തിന് കേസ് എടുത്ത് പോലീസ്. മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് വധ ശ്രമത്തിന് കേസ് എടുത്തത്. സുധീറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുട്ടിയെ ഇയാൾ നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസ് എടുത്തത്. നേരത്തെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു സുധീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ചട്ടം പഠിപ്പിക്കാൻ എന്ന് പറഞ്ഞാണ് സുധീർ 15 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചിരുന്നത് എന്നും മാതാവ് പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഓട്ടിസം ബാധിച്ച മകനെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും തലകീഴായി നിർത്തുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കൾ തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. തുടർന്ന് പൊതുപ്രവർത്തകനായ ഷിഫാസ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് ക്രൂര മർദ്ദനത്തിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് ഫോർട്ട് കൊച്ചി പോലീസ് സുധീറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
No comments