'ജനവിരുദ്ധ നിയമങ്ങൾ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി'; ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ
ന്യൂഡൽഹി: ജനവിരുദ്ധമായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ. ദ്വീപിലെ സംഘടനാ ചുമതലയുള്ള എ.പി അബ്‍ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കൾ അഭ്യന്തരമന്ത്രിയിമായും ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള നിയമസഭ പ്രമേയം പാസാക്കിയത് ആത്മവിശ്വാസം നൽകുന്നുവെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കൾ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയത്. ബി.ജെ.പി കേരള ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷൻ അബ്ദുൾ ഖാദർ, ഉപാധ്യക്ഷൻ മുത്തു കോയ എന്നിവരാണ് കൂടിക്കാഴചയിൽ പങ്കെടുത്തത്. ലക്ഷദീപിന്റെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷൻ അബ്ദുൾ ഖാദർ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസനം നടത്തുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞതായി അബ്ദുള്ള കുട്ടിയും പ്രതികരിച്ചു.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അമിത് ഷായുമായി കൂടികാഴ്ച നടത്തി. ജനകൾക്ക് വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. കേരളാ നിയമസഭ പാസാക്കിയ പ്രമേയം
ലക്ഷദ്വീപ് ജനതയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും കേരള ഒപ്പമുണ്ടെന്നത് ദ്വീപിലെ ജനങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്നും മുഹമ്മദ് ഫൈസൽ പ്രതികരിച്ചു.

No comments