കോവിഡ് അതിതീവ്രവ്യാപനം; കേരളത്തിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
തിരുവനന്തപുരം: കോവിഡ് അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. പൊലീസ് പരിശോധന കൂടുതൽ കർശനമാക്കും. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിനായി നിയോഗിക്കുമെന്നും പഠനം കഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കും. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിവുകള്‍ രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങളും താത്ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സികൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും.
അതേസമയം, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
No comments