Breaking News

'തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ കേരളത്തിൽ രണ്ടാം തരംഗം ഉണ്ടാകില്ലായിരുന്നു' - ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ് രണ്ടാം തരംഗം ഉണ്ടാകില്ലായിരുന്നെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കോവിഡ് വഷളാക്കിയത് തെരഞ്ഞെടുപ്പ് ആണെന്നും അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് കേരളത്തിൽ സ്ഥിതി വഷളാക്കിയതെന്നും കോടതി നിരീക്ഷിച്ചു.

പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെന്ന് സർക്കാർ അറിയിച്ചു. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഹൈക്കോടതി പ്രതികരിച്ചു. 'അനാസ്ഥയ്ക്കു വലിയ വില നൽകേണ്ടി വന്നു. നിയന്ത്രിച്ചിരുന്നെങ്കിൽ വീണ്ടും ലോക്ക്ഡൗണിലേക്ക് എത്തില്ലായിരുന്നു' -ഹൈക്കോടതി നിരീക്ഷിച്ചു.




പ്രതിദിന കോവിഡ് കേസുകൾ 40,000ത്തിനു മുകളിലായി. വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണമുണ്ടായത് നിങ്ങളുടെ ഉത്തരവ് കൊണ്ടാണെന്ന് കരുതുന്നുണ്ടോ? കോടതി ഇടപെട്ടതു കൊണ്ട് നടപ്പായി. പ്രോട്ടോക്കോൾ ലംഘനം ഇനിയെങ്കിലും അനുവദിക്കരുതെന്നും കോടതി തുടർന്നു.



വോട്ടെണ്ണലിനോട് അനുബന്ധിച്ച് ആൾക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഡോ കെ പി പ്രദീപ് നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.


കോടതി നിർദ്ദേശിച്ചത് അനുസരിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയെന്ന് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു. ഇതിനെ തുടർന്ന് ഹർജി തീർപ്പാക്കി.

No comments