തമിഴ്നാട്ടിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ
ചെന്നൈ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെ രണ്ടാഴ്ച്ചയാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
26,465 പുതിയ കോവിഡ് രോഗികളാണ് ഇന്നലെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 13,23,965 ആയി. ഇന്നലെ മരിച്ച 197 പേർ ഉൾപ്പെടെ ഇതുവരെ 15,171 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഒരു ലക്ഷത്തിന് മേൽ കോവിഡ് രോഗികളുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞത്. വെള്ളിയാഴ്ച്ച ജില്ലാ കളക്ടർമാരുമായി സ്റ്റാലിൻ യോഗം നടത്തിയിരുന്നു. ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ,
പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യ വസ്തുക്കൾ എന്നിവയല്ലാതെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞിരിക്കും.
സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പാർക്ക്, റീക്രിയേഷൻ ക്ലബ്ബുകൾ, മൃഗശാലകൾ, സ്പോർട്സ് അക്കാദമികൾ എന്നിവ തുറക്കില്ല.
രാവിലെ ആറ് മുതൽ പത്ത് വരേയും വൈകിട്ട് ആറ് മുതൽ ഒമ്പത് മണിവരേയും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾക്ക് പ്രവർത്തിക്കാം. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ചായക്കടകൾ എന്നിവയിൽ പ്രവേശനമില്ല.
പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കും.
സ്വാകാര്യ ഐടി സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സെക്രട്ടറിയേറ്റ് പോലുള്ള അത്യാവശ്യ സർക്കാർ സ്ഥാപനങ്ങൾ മാത്രം പ്രവർത്തിക്കും.
ആരോഗ്യ സംബന്ധമായതോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ ഹോട്ടലുകൾക്കും ലോഡ്ജുകളിലും താമസക്കാരെ സ്വീകരിക്കാനാവില്ല
No comments