കണ്ണൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി; സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ
കണ്ണൂർ: വിളക്കോട് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ് (32) ആണ് ബുധനാഴ്ച രാവിലെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മെയ് 20-ാം തീയതി നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ. യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ് സി - എസ് ടി വകുപ്പ് പ്രകാരവും കേസെടുത്തത്.
നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിക്കായി ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് നിധീഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പ്രതിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ
വിളക്കോട് ആദിവാസി കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബദ്ധപ്പെട്ട് യൂത്ത് ലീഗും ആർഎസ്എസും ഡിവൈഎഫ്ഐക്കെതിരെ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേസിൽ പൊലീസ് പ്രതിയായി ചേർത്തിട്ടുള്ള നിധീഷ് എന്നയാൾ ഡിവൈഎഫ്ഐ നേതാവാണെന്ന രീതിയിലുള്ള പ്രചരണം സത്യ വിരുദ്ധമാണ്. നിധീഷ് ഡിവൈഎഫ്ഐയുടെ ഏതെങ്കിലും യൂണിറ്റ് കമ്മിറ്റിയിൽ പോലും അംഗമല്ല. ഡിവൈഎഫ്ഐയുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല.
കോവിഡ് കാലത്ത് പേരാവൂർ ബ്ലോക്ക് പരിധിയിലും കേരളത്തിലാകെയും മാതൃകാപരമായ സന്നദ്ധ പ്രവർത്തനങ്ങളാണ് ഡിവൈഎഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിലുൾപ്പെടെ ജില്ലയിലും സംസ്ഥാനത്തും നിരവധി ആശുപത്രികളിൽ മൂന്നുവർഷത്തിലേറെയായി ഡിവൈഎഫ്ഐ ആയിരക്കണക്കിനാളുകൾക്ക് നിത്യേന ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ഡിവൈഎഫ്ഐയ്ക്ക് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇതിൽ വിറളി പൂണ്ട് ഡിവൈഎഫ്ഐയ്ക്കെതിരെ പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണ് യൂത്ത് ലീഗും ആർഎസ്എസും തെറ്റായ പ്രചരണം നടത്തുന്നത്. സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമം ഇത്തരക്കാർ അവസാനിപ്പിക്കണം.
സാമൂഹിക മാധ്യമങ്ങളിലൂടെ കള്ള പ്രചരണം നടത്തുന്നവർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകുമെന്നും വിളക്കോട് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
No comments