Breaking News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി മാതൃകയാവുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്




കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി മാതൃകയാവുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. കോവിഡ് മഹാമാരിക്കാലത്ത് വലിയ പ്രതിരോധ സംവിധാനവുമായി മലയോര ഗ്രാമങ്ങളില്‍ ആശ്വാസമാവുകയാണ് ബ്ലോക്ക്. കോ വെഹിക്കിള്‍, കോവിഡ് ബാറ്റില്‍ ടീം, കണ്‍ട്രോള്‍ സെല്‍ തുടങ്ങി ബ്ലോക്ക്തലത്തില്‍ നടക്കുന്നത് ഒട്ടനവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. 


കോ വെഹിക്കിള്‍ 


സ്വന്തമായി വാഹനമില്ലാത്ത വീടുകളില്‍ കഴിയുന്ന കോവിഡ് ഇതര രോഗികള്‍ക്കും ഗുണകരമായ സേവനമാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ കോ-വെഹിക്കിള്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി 50 ല്‍ അധികം വാഹനങ്ങള്‍ ഒരുക്കിയ പദ്ധതി ജനകീയമായി തുടരുകയാണ്. 


കോവിഡ് ബാറ്റില്‍ ടീം 


കോവിഡ് മാത്രമല്ല ഏത് രോഗമായാലും പ്രാഥമികമായ പരിശോധന നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. രോഗിയുടെ വീട്ടിലെത്തി  ഓക്‌സിജന്‍ അളവ്, ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ രോഗിക്ക് ആശുപത്രി ചികിത്സയും കോവിഡ് ബാറ്റില്‍ ടീം ലഭ്യമാക്കും. 


മുഴുവന്‍ സമയ ഫീവര്‍ ക്ലിനിക് , 25 ബെഡ് സി.എഫ്.എല്‍.ടി.സി 


മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്, ഫീവര്‍ ക്ലിനിക്കും ഓക്‌സിജന്‍ സൗകര്യങ്ങളടക്കമുള്ള 25 ബെഡ്ഡുകളുള്ള സി.എഫ്.എല്‍.ടി.സി യും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 


കോവിഡ് കണ്‍ട്രോള്‍ സെല്ലും ആബുലന്‍സ് സര്‍വീസും 


കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന ഘട്ടത്തില്‍ തന്നെ മുളിയാറില്‍ കണ്‍ട്രോള്‍ സെല്‍ തുറന്നു. ഗുരുതര സ്വഭാവമുള്ള രോഗികളെ വേഗത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പ്രത്യേകം സൗകര്യങ്ങള്‍ ബ്ലോക്ക് തയ്യാറാക്കിയിട്ടുണ്ട്. ടെലി ഡോക്ടര്‍ സേവനവും സൗജന്യ ആംബുലന്‍സ് സര്‍വീസും ബ്ലോക്ക് നടപ്പാക്കിയിട്ടുണ്ട്. 


മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് 


ബേഡകം താലൂക്ക് ആശുപത്രിയിലും മുളിയാര്‍ പി.എച്ച്.സിയിലുമായി കോവിഡ് ബാധിച്ച് വൈദ്യ സഹായം ആവശ്യമായി വരുന്ന ഘട്ടത്തില്‍ വീട്ടിലെത്തി ചികിത്സ നല്‍കാന്‍ സജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. പദ്ധതി മെയ് 21 ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. രണ്ട് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നേഴ്‌സുമാരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് പ്രവര്‍ത്തിക്കുക.

No comments