മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; കണ്ടെത്തിയവയിൽ നിരോധിച്ച നോട്ടുകളും
ക്ഷേത്ര നഗരമായ തിരുമലയിൽ മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. വീട്ടിൽ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
അസുഖം ബാധിച്ച് കഴിഞ്ഞ വർഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.
ശ്രീനിവാസാചാരി മരിച്ച് ഒരു വർഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്ത തുകയുടെ നോട്ടുകൾ വീടിനുള്ളിൽ സൂക്ഷിച്ച പെട്ടികളിൽ ഉണ്ടായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തെ സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ദിവസേനയെന്ന രീതിയിൽ തിരുമല ക്ഷേത്രത്തിൽ ദർശനത്തിന് എത്താറുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകൾ എത്തുന്ന ക്ഷേത്രം കൂടിയാണ് തിരുപ്പതി തിരുമല ക്ഷേത്രം. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമിയെ കരുതുന്നത്.
No comments