ആയുസ് കൂട്ടണോ? കോഴിയുടെ തലച്ചോറ് കഴിച്ചാൽ മതിയെന്ന് നൂറ്റിപ്പതിനൊന്നുകാരൻ
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഡക്സറ്റർ ക്രൂഗർ. 111 വയസ്സാണ് ഡക്സ്റ്റർ അപ്പൂപ്പന്റെ പ്രായം. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജാക്ക് ലോക്കറ്റിനേക്കാൾ ഒരു ദിവസം കൂടുതലാണ് ഡക്സ്റ്ററിന്റെ പ്രായം. 2002 ൽ മരിച്ച ജാക്കിന്റെ പ്രായം 111 വർഷവും 123 ദിവസവുമായിരുന്നു. ഡക്സ്റ്റർ ഇതിനകം 111 വർഷവും 124 ദിവസവും പിന്നിട്ട് കഴിഞ്ഞു.
തന്റെ നീണ്ട ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഡക്സ്റ്റർ. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള നഴ്സിങ് ഹോമിലാണ് ഡക്സ്റ്റർ അപ്പൂപ്പൻ താമസിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഡക്സ്റ്റർ തന്റെ ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കോഴിയുടെ തലച്ചോറാണ് തന്റെ ആയുസ്സിന്റെ ബലമെന്നാണ് ഡക്സ്റ്റർ പറയുന്നത്. കോഴിയിറച്ചി നാമെല്ലാവരും കഴിക്കുന്നതാണെങ്കിലും കോഴിയുടെ തലച്ചോറ് കഴിക്കുന്നതിനെ കുറിച്ച് വലിയ ധാരണയില്ല. തീരെ ചെറിയ കോഴിയുടെ തലയിൽ തലച്ചോറിന്റെ വലുപ്പം എത്രയുണ്ടെന്ന് ഊഹിക്കാമല്ലോ.
എന്നാൽ, കോഴിയുടെ തലച്ചോറിന് അസാധ്യ രുചിയാണെന്നാണ് ഡക്സ്റ്റർ പറയുന്നത്. "കോഴിക്ക് തലയുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ, അതിനുള്ളിൽ തലച്ചോറുമുണ്ട്. വളരെ രുചിയുള്ളതാണത്. ചെറുതായൊന്ന് കടിക്കാൻ മാത്രമേ അത് കാണൂ". ഡക്സ്റ്റർ പറയുന്നു.
ഡക്സ്റ്ററിന്റെ മകന് ഇന്ന് 74 വയസ്സുണ്ട്. അച്ഛന്റെ ജീവിതരീതിയെ കുറിച്ച് മകൻ ഗ്രെഗും സാക്ഷ്യപ്പെടുത്തുന്നു. ഡക്സ്റ്റർ താമസിക്കുന്ന നഴ്സിങ് ഹോമിലെ മാനേജർ മെലാനി കാൽവെർട്ട് പറയുന്നത് ആ പ്രദേശത്തെ ഏറ്റവും ബുദ്ധിയും ഓർമശക്തിയുമുള്ളയാളാണ് ഡക്സ്റ്റർ എന്നാണ്.
ഡക്സ്റ്ററിന്റെ ആത്മകഥ എഴുതുന്ന ജോലിയിലാണ് മെലാനി. 111 വയസ്സിലും ഡക്സറ്ററിന്റെ ഓർമശക്തി അപാരമാണെന്ന് മെലാനി പറയുന്നു. ഓസ്ട്രേലിയയിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് ഡക്സ്റ്റർ എന്ന് ഓസ്ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ്സ് സ്ഥാപകൻ വ്യക്തമാക്കുന്നു.
1910 ജനുവരി 13നാണ് ഡക്സ്റ്റർ ക്രൂഗർ ജനിച്ചത്. തന്റെ നൂറ്റിപതിനൊന്നാം ജന്മദിനം നഴ്സിങ് ഹോമിൽ ആഘോഷപൂർവം നടത്തുകയും ചെയ്തിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളും മഹാസാമ്പത്തികമാന്ദ്യവുമെല്ലാം കണ്ട ഡക്സറ്റർ ഇപ്പോൾ കോവിഡ് മഹാമാരിക്കും സാക്ഷിയായി. നൂറ്റാണ്ട് പിന്നിട്ട തന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത കാര്യം ആദ്യമായി ടെലിഫോണിലൂടെ സംസാരിച്ചതാണെന്ന് ഡക്സ്റ്റർ പറയുന്നു. കർഷകനായിരുന്ന ഡക്സ്റ്റർ തൊണ്ണൂറാമത്തെ വയസ്സുവരെ ജോലി ചെയ്തിട്ടുണ്ട്. സുപ്രധാന ചരിത്ര സംഭവങ്ങൾക്കെല്ലാം സാക്ഷിയായ ഡക്സ്റ്റർ കോവിഡിനെ കുറിച്ച് തന്റെ ജന്മദിനത്തിൽ പറഞ്ഞത് ഇങ്ങനെയയായിരുന്നു, 'ഈ കാലവും കടന്നു പോകും'.
2002 ൽ മരിച്ച ക്രിസ്റ്റീന കുക്കിന്റെ പേരിലാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച ഓസ്ട്രേലിയന്റെ റെക്കോർഡുള്ളത്. 114 വയസ്സും 148 ദിവസവുമായിരുന്നു ക്രിസ്റ്റീന കുക്ക് മരിക്കുമ്പോഴുള്ള പ്രായം.
No comments