കരവിരുതിലൂടെ കമനീയ രൂപങ്ങൾ തീർത്ത് പരപ്പ ഇടത്തോടെ ഷാരോൺ സാബു ജില്ലാ സ്കേറ്റിംഗ് ചാമ്പ്യൻ കൂടിയാണ് ഈ അഞ്ചാം ക്ലാസുകാരൻ
പരപ്പ: (www.malayoramflash.com) ലോക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുന്ന സമയത്താണ് ഇടത്തോടെ ഷാരോൺ സാബു എന്ന പത്തു വയസുകാരൻ വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. പ്രത്യേക പരിശീലനം ഒന്നും തന്നെ നേടാതെ സ്വന്തം ഭാവനയിൽ നിർമ്മിച്ചെടുത്ത രൂപങ്ങൾ കാഴ്ച്ചയിൽ ഒറിജിലിനെ വെല്ലുന്നതാണ്. കെ.എസ്.ആർ.ടി.സി, പോലീസ് ജീപ്പ്, ലോറി, ബൈക്ക് തുടങ്ങിയ രൂപങ്ങൾ ഷാരോണിൻ്റെ കരവിരുതിൽ ജീവൻ തുടിക്കുന്നവയാകുന്നു. വെറും കാർഡ് ബോർഡ് പേപ്പറും പാഴ് വസ്തുക്കളും കൊണ്ടാണ് ഈ കൊച്ചു മിടുക്കൻ മനോഹര രൂപങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഇതിന് പുറമെ കായിക മേഖലയിലും ഷാരോൺ കഴിവ് തെളിയിച്ചിട്ടുണ്ട്. പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ഷാരോൺ ജില്ലയിൽ അറിയപ്പെടുന്ന സ്കേറ്റിംഗ് താരമാണ്. 2019ൽ കാഞ്ഞങ്ങാട് വച്ച് നടന്ന സ്ക്കേറ്റിംഗ് ജില്ലാതല മത്സരത്തിൽ അണ്ടർ 11 വിഭാഗത്തിൽ ചാമ്പ്യനായിരുന്നു ഷാരോൺ സാബു. സംസ്ഥാന ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. മലയോര മേഖലയിൽ സ്കേറ്റിംഗ് പരിശീലനത്തിന് ഒട്ടേറെ പരിമിതമിതികൾ നേരിടുമ്പോഴും ഷാരോൺ കൊയ്തെടുത്ത നേട്ടം എന്തുകൊണ്ടും പ്രശംസനീയമാണ്.
സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായ ഇടത്തോടെ സാബുവിൻ്റേയും ഷീനറ്റിൻ്റെയും രണ്ട് മക്കളിൽ ഇളയവനാണ് ഷാരോൺ. ഏകസഹോദരി ഫെസാന എലിസബത്ത് കലാകാരി കൂടിയാണ്. ബോട്ടിൽആർട്ടും ചിത്രരചനയുമാണ് എലിസബത്തിൻ്റെ ഹോബി.
വീട്ടുകാരുടെയും അധ്യാപകരുടേയും കൂട്ടുകാരുടേയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഷാരോണിന് തൻ്റെ നിർമ്മാണ വൈഭവം തുടരാൻ പ്രചോദനമേകുന്നത്.
✒️ ചന്ദ്രുവെള്ളരിക്കുണ്ട്
No comments