Breaking News

കുരുന്നുകൾക്ക് പുതിയ അധ്യയന വർഷം; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു







കൊവിഡിനിടയിലും കുരുന്നുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ കാണാതെ പഠനം നടത്തുക.



പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു. ചടങ്ങുകള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പുരോഗമിക്കുന്നു. പ്രതിസന്ധി ഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള കാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാഠഭാഗങ്ങളും ഇക്കുറി കുട്ടികള്‍ക്ക് അവരുടെ അധ്യാപകര്‍ തന്നെ ഡിജിറ്റലായി പഠിപ്പിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


രണ്ടാം തവണയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പ്രവേശനോത്സവം നടത്തുന്നത്. 3 ലക്ഷത്തോളം കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ഒന്നാം ക്ലാസില്‍ ചേര്‍ന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ആണ് ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ചടങ്ങിന് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേരും. ശാസ്ത്ര, സാമൂഹിക രംഗത്തെ പ്രമുഖര്‍ കുട്ടികളുമായി ഓണ്‍ലൈനില്‍ സംവദിക്കും.

കോവിഡ് മഹാമാരി മൂലം ഈ വർഷത്തെ പഠനോത്സവം മലയോരത്തെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഓൺലൈനിൽ ആഘോഷിച്ച് വ്യത്യസ്തമായ അനുഭവമാക്കി. പുതിയ എല്ലാ കുട്ടികളേയും ചേർത്ത് പ്രത്യേക ഓൺലൈൻ ഗ്രൂപ്പാക്കിയാണ് കുട്ടികളെ വരവേറ്റത്. ഓരോ ക്ലാസിലും വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രവേശനോത്സവഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പ്രവേശനോത്സവം
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സി എച്ച് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി അസ്കർ കാരാട്ട് മുഖ്യാതിഥിയായി.വാർഡ് മെമ്പർ രമ്യ .കെ , പിടിഎ പ്രസിഡൻ്റ് ദാമോദരൻ കൊടക്കൽ , എസ് എം എസി ചെയർമാൻ സി നാരായണൻ , മാതൃസമിതി പ്രസിഡൻ്റ് സ്വർണലത , ബിപി ഒ ബാബു കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപിക സജിത സി ജെ യുടെ പ്രവേശനോത്സവഗാനവും അധ്യാപകൻ മുഹമ്മദ് റാഫി തയ്യാറാക്കിയ മികവുകളുടെ നേർസാക്ഷ്യം വീഡിയോയും വേറിട്ട കാഴ്ചകളായി. പ്രിൻസിപ്പാൾ സുരേഷ് കൊക്കോട്ട് സ്വാഗതവും ഹെഡ്മിസ്ട്രസ് പി എം പ്രസന്നകുമാരി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിഭിന്ന ക്ലാസുകളിലെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികളുമുണ്ടായിപരിപാടികൾക്കിടയിൽ ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ആവേശമുണ്ടാക്കി .പതിവ് കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് മുന്നേറുന്ന ലോക് ഡൗൺ കാലത്ത് അങ്ങനെ പ്രവേശനോത്സവവും മലയോരത്തെ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.

No comments