പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധം: നിൽപ്പ് സമരവുമായി സ്വകാര്യ ബസ്സുടമകൾ
കാസർകോട്: ലോകം കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില യാതൊരു തത്വദീക്ഷയുമില്ലാതെ വർധിപിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ ബസുടമകളും കുടുംബാംഗങ്ങളും നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾക്ക് മുന്നിലും സ്വന്തം വീടുകൾക്ക് മുന്നിലും പ്ലകാർഡുകളുമേന്തി നിൽപ്പ് സമരം നടത്തി.
2020 മാർച്ച് മാസത്തിൽ ഇന്ത്യ സമ്പൂർണ്ണ ലോക്കഡൗണിൽ ആയ സമയത്ത് 66 രൂപ ഉണ്ടായിരുന്ന ഡീസൽ വില ഇന്ന് 93 രൂപയിൽ എത്തി നിൽക്കുകയാണ്. 210 ലിറ്റർ വരുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് 2014ൽ 149.50 ഡോളറായിരുന്നപ്പോൾ 34.80 രൂപ ആയിരുന്നു ഒരു ലിറ്റർ ഡീസൽ വില. അന്ന് 3.46 രൂപയായിരുന്നു സെൻട്രൽ എക്സൈസ്. ക്രൂഡോയിൽ വില കുറഞ്ഞ് 70.37 ഡോളറിൽ എത്തിയപ്പോൾ ഡീസൽ വില 93 രൂപയായി വർധിക്കുകയാണ് ചെയ്തിരിക്കുന്നത്.അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വില വർദ്ധിക്കുമ്പോൾ ഇന്ത്യയിൽ വില കൂടുമെന്നും ക്രൂഡ് വില കുറയുമ്പോൾ ഡീസൽ വില കുറയുമെന്നും കണക്കാക്കിയാണ് അന്നത്തെ സർക്കാർ വില നിർണയ അധികാരം പെട്രോളിയം കമ്പനികൾക്ക് നൽകിയത്. എന്നാൽ ക്രൂഡ് വില ക്രമാനുഗതമായി കുറഞ്ഞപ്പോൾ സെൻട്രൽ എക്സൈസ് 3.46 രൂപയിൽ നിന്നും പലതവണ വർദ്ധിപ്പിച്ച് 31.83 രൂപയിൽ എത്തിച്ച് ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം ഇന്നത്തെ കേന്ദ്രസർക്കാർ തട്ടിയെടുത്തു കൊണ്ടിരിക്കുകയാണ്.
കേന്ദ്രസർക്കാർ നയത്തെ പ്രത്യക്ഷത്തിൽ എതിർക്കുന്നു എന്നു പറയുന്ന സംസ്ഥാന സർക്കാരും നികുതി വർധനയിലൂടെ അധികം ലഭിക്കുന്ന വരുമാനം ഉപേക്ഷിക്കാൻ തയ്യാറാവുന്നില്ല 2016 ൽ ഈ ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ 9 രൂപയായിരുന്ന വാറ്റ് നികുതി ഇന്ന് 17.39 രൂപയിൽ എത്തി നിൽക്കുകയാണ് കേവലം 40.31 രൂപ അടിസ്ഥാന വില വരുന്ന ഡീസലാണ് ഇരു സർക്കാരുകളുടെ നികുതിയും 2.59 രൂപ ഡീലർ കമ്മീഷനും ചേർത്ത് 92 രൂപയ്ക്ക് വിൽക്കുന്നത് മറ്റെല്ലാ വസ്തുക്കളുടെ വിൽപ്പനയും ജിഎസ്ടിയിൽ വന്നിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും മാത്രമാണ് ഇന്ന് ജിഎസ്ടിയിൽ ഉൾപ്പെടുത്താതിരിക്കുന്നത്. ജി എസ് ടി യിൽ ഉൾപ്പെടുത്തിയാൽ പരമാവധി 28 ശതമാനം മാത്രമേ നികുതി ഈടാക്കാൻ സാധിക്കു. നമ്മുടെ അയൽ രാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും 67 രൂപയും ബംഗ്ലാദേശിൽ 56 രൂപയും പാക്കിസ്ഥാനിൽ 52 രൂപയും ശ്രീലങ്കയിൽ 38 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന് പരമാവധി വില.
No comments