Breaking News

സംസ്ഥാനത്ത് ജൂലൈ ആറു മുതല്‍ കാലവര്‍ഷം ശക്തമാകും




കോഴിക്കോട്: വടക്കന്‍ സംസ്ഥാനങ്ങളിൽ കാലവര്‍ഷം ഇപ്പോൾ ദുര്‍ബലമാണെങ്കിലും ജൂലൈ ആറ് മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു .തെക്കേ ഇന്ത്യയിലെ മണ്‍സൂണ്‍ ബ്രേക്കിന് സമാനമായ സാഹചര്യം വടക്കേ ഇന്ത്യയിലും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടും.

ജൂണ്‍ 20 വരെ രാജ്യവ്യാപകമായി 40 ശതമാനം അധികമഴ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ ഇപ്പോള്‍ അധിക മഴ 20 ശതമാനമായി കുറഞ്ഞു. മധ്യ, വടക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തെക്കന്‍ സംസ്ഥാനങ്ങളിലും മഴ ജൂലൈ ആദ്യവാരം വരെ കുറയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മഴ ശക്തമാകുക.

സാധാരണ മണ്‍സൂണ്‍ ട്രഫ് ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുമ്പോഴാണ് മണ്‍സൂണ്‍ ബ്രേക്ക് ഉണ്ടാകുന്നത്. ഈ സമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒഴികെ മഴ കുറവായിരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും പ്രാദേശിക പ്രളയത്തിനും അടുത്ത ദിവസങ്ങളില്‍ സാധ്യതയുണ്ട്.



അസം, മേഘാലയ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം സജീവമാകും. ബ്രഹ്മപുത്ര നദി കരകവിയാനും സാധ്യതയുണ്ട്. നാഗലന്റ്, മണിപ്പൂര്‍, മിസോറം, സിക്കിം, ത്രിപുര, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മഴ ശക്തിപ്പെടും. ജൂണ്‍ 28 മുതല്‍ ജൂലൈ 3 വരെ ഈ മേഖലയിലേക്കുള്ള അടിയന്തരമല്ലാത്ത യാത്ര ഉപേക്ഷിക്കുന്നത് ഉചിതമാണ്.

കേരളത്തില്‍ മഴ ജൂലൈ 6ന് ശേഷം ശക്തമാകും. മണ്‍സൂണ്‍ ബ്രേക്ക് തുടരുന്നതിനാല്‍ ഒറ്റപ്പെട്ട മഴ കേരളത്തില്‍ ലഭിക്കും. ഈ സീസണില്‍ പെയ്യേണ്ട സജീമായ മഴ അടുത്ത ഒരാഴ്ച കൂടി പ്രതീക്ഷിക്കേണ്ടതില്ല. ശരാശരിയില്‍ താഴെ മഴയേ ഈ കാലയളവില്‍ പെയ്യാന്‍ സാധ്യതയുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണ മഴ ഇതിനകം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടും കേരളത്തില്‍ ഇന്നു വരെ 32 ശതമാനമാണ് മഴക്കുറവ്.


കോട്ടയം, പത്തനംതിട്ട ജില്ലകളിലൊഴികെ എല്ലായിടത്തും മഴക്കുറവാണ്. ഹിമാലയത്തിലുള്ള മണ്‍സൂണ്‍ ട്രഫ് വീണ്ടും തെക്കേ ഇന്ത്യയിലേക്ക് നീങ്ങുന്നതോടെ മണ്‍സൂണ്‍ കേരളം ഉള്‍പ്പെടെ അടുത്തയാഴ്ച്ച മുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.


ജൂൺ ഒന്ന് മുതൽ കാലവർഷം ശക്തമാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ അനുമാനം. തുടക്കത്തിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ ചിലയിടങ്ങളിൽ മാത്രമാണ് ശക്തമായ മഴ ഉണ്ടായത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കോഴിക്കോട് ജില്ലയിലെ വടകര എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ജൂൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മഴയിലാണിനി പ്രതീക്ഷയെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

No comments