Breaking News

സ്വർണ്ണക്കവർച്ചക്ക് പിന്നിൽ ടിപി കേസ് പ്രതികൾ? കവർച്ച മുതലിന്റെ ഒരു ഭാഗം ഇവർക്ക് ക്വട്ടേഷൻ ടീമിന്റെ ശബ്ദരേഖ


കണ്ണൂർ: കള്ളക്കടത്തിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നു. വരുമാനത്തിന് മൂന്നിലൊന്ന് പാർട്ടിക്കാണ് നൽകുന്നതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് വഴി സ്വർണ്ണക്കള്ളക്കടത്തിന് നിർദ്ദേശം നൽകുന്നത് എന്ന ധ്വനിയുള്ള ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്.

ടിപി വധക്കേസ് പ്രതികളുടെ പിൻബലത്തോടെയാണ് കള്ളക്കടത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരും ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരും കള്ളക്കടത്തിന് സുരക്ഷ ഒരുക്കുന്നതായി ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഇവരെയാണ് ക്വട്ടേഷൻ സംഘം എന്ന് വിശേഷിപിക്കുന്നത്. കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്താൽ പാർട്ടി ബന്ധമുള്ളവരാണ് അതിന് പിന്നിൽ എന്ന് വരുത്തിത്തീർത്താൽ ഭയപ്പെടാനില്ല എന്നാണ് സന്ദേശം.

നേരത്തെയും അർജുൻ ആയങ്കി ഉൾപ്പെടെയുളവർ കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്നത് സംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചതായി ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. പരാതിയുമായി എം വി ജയരാജനെ കണ്ടു എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്

എന്നാൽ ഇത് എം വി ജയരാജൻ നിഷേധിച്ചു. ആരും തന്നെ പരാതിയുമായി വന്ന് കണ്ടിട്ടില്ല എന്നും വന്നാൽ കള്ളക്കടത്ത് കൊട്ടേഷൻ പരിപാടികളിൽ പാർട്ടി ഇടപെടില്ല എന്ന് വ്യക്തമാക്കുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.

അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന് നിര്‍ണായക പങ്കുണ്ടെന്ന് ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ അര്‍ജുന്‍ ആയങ്കി ഹാജരായത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ ആയങ്കി എത്തിയത്.

No comments