Breaking News

കുന്നുംകൈ ഭീമനടി നർക്കിലക്കാട് റോഡരികിലുള്ള അപകട ഭീഷണിയായ മരങ്ങൾ അധികൃതര്‍ സന്ദര്‍ശിച്ചു



കുന്നുംകൈ: കാലവര്‍ഷത്തില്‍ പൊട്ടി വീഴാറായ പൊതുമരാമത്ത് റോഡരികിലുള്ള മരങ്ങള്‍ അധികൃതര്‍ സന്ദര്‍ശിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ മുതല്‍ നര്‍ക്കിലക്കാട് വരെ റോഡരികില്‍ വാഹനങ്ങള്‍ക്കും വീടിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളാണ് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്റെ നേതൃത്വത്തിൽ അധികൃതര്‍  സ്ഥലം  സന്ദർശിച്ചത്. മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു എന്ന്  വെസ്റ്റ് എളേരി പഞ്ചായത്ത്  മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അധികൃതരെ വിവരം അറിയിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ പൊതുമരാമത്തു വകുപ്പുമായും ഫോറസ്റ്റ് വകുപ്പുമായും ബന്ധപ്പെട്ടാണ് നടപടിക്ക് വേഗത കൂടിയത്. കുന്നുംകൈ  ഭീമനടി  പൊതുമരാമത്ത് റോഡിലാണ് ഇരു ഭാഗങ്ങളിലുള്ള മരങ്ങള്‍   വാഹനങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും  തടസ്സമായി നില്‍ക്കുന്നത്. ശിഖരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പച്ചമരങ്ങളും ഉണങ്ങി വീഴാറായ മരങ്ങളും ദുരിതമാകുകയാണ്.ഇപ്പോള്‍ ഇവിടങ്ങളില്‍ ദ്രവിച്ച മരങ്ങള്‍ പലതും റോഡിലേക്ക് തള്ളി നില്‍ക്കുന്നത് കാരണം ഏത് നിമിഷവും അപകടം വരാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ  ദിവസം കാറ്റിലും  മഴയിലും മരം കടപുഴകി വീണ് ഭീമനടി കുന്നുംകൈ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ഏഴ്  വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശ്, വില്ലേജ് ഓഫീസര്‍ എസ് മണികണ്ഠൻ , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാതിയിൽ അസൈനാർ ജനറൽ സെക്രട്ടറി എ ദുല്‍കിഫിലി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

No comments