"അവർക്ക് ജീവിക്കാനുള്ള അവകാശമുണ്ട് , അവരും മനുഷ്യരാണ് പെരിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി കിട്ടിയത് യാദൃശ്ചികം''- ജില്ലാപഞ്ചായത്ത്
കാസർകോട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ശുചീകരണത്തൊഴിലാളികളായി താത്കാലിക നിയമനം നൽകിയതിൽ അസ്വാഭാവികത ഇല്ലെന്ന് ജില്ലാ പഞ്ചായത്ത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. ആർ.എം.ഒ അടക്കമുള്ള ആശുപത്രി അധികൃതരാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. നിയമനം ലഭിച്ച നാല് പേരിൽ മൂന്ന് പേർ പെരിയ കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി കൃഷ്ണൻ പറഞ്ഞു.
ആശുപത്രി അധികൃതർ തയ്യാറാക്കിയ ലിസ്റ്റ് ഞങ്ങളുടെ മുമ്പിലേക്ക് വരുന്നു. ഇവർ പ്രതികളുടെ ഭാര്യമാരാണോയെന്നൊന്നും ഞങ്ങൾ പരിശോധിച്ചില്ല. അവരുടെ ലിസ്റ്റ് അംഗീകരിച്ചുകൊടുക്കുക മാത്രമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത്. ആരാണ് എന്താണെന്നൊന്നും നമ്മളും ആശുപത്രി അധികൃതരും അന്വേഷിച്ചിട്ടില്ല. യാദൃശ്ചികം മാത്രമാണ്. പറഞ്ഞാൽ വിശ്വാസംവരില്ല. അവർക്ക് ജീവിക്കാനുള്ള അവകാശമില്ലേ, അവർ മനുഷ്യൻമാരല്ലേ. ഏറ്റവും താഴെ തട്ടിലുള്ള പോസ്റ്റിൽ അവരുടെ ഭർത്താക്കന്മാർ കേസിലെ പ്രതികളായി എന്നതുകൊണ്ട് ജോലി ചെയ്യാൻ പാടില്ലെന്നുണ്ടോ. എന്തിനാണ് വിവാദങ്ങളുടെ പിന്നാലെ മാത്രം പോകുന്നത്. മനുഷ്യത്വപരമായി ആ പ്രശ്നം കാണണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അവരെ താത്കാലികമായിട്ടാണ് നിയമിച്ചിട്ടുള്ളത്. പാർട്ടി വിചാരിച്ചാലും സർക്കാർ വിചാരിച്ചാലും സ്ഥിര നിയമനം നൽകാൻ കഴിയും. ആ രീതിയിലൊന്നും ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി. ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവർക്കാണ് ആറുമാസത്തേക്ക് നിയമനം നൽകിയത്. ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) നേരിട്ട് അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്. ഇവരുൾപ്പെടെ നാലുപേരെയാണ് നിയമിച്ചത്. 450 അപേക്ഷകർക്ക് നടത്തിയ അഭിമുഖത്തിൽ നൂറുപേരുടെ പട്ടിക തയ്യാറാക്കി. മഞ്ജുഷയ്ക്ക് 78-ഉം ചിഞ്ചു, ബേബി എന്നിവർക്ക് 77 വീതവും മാർക്ക് ലഭിച്ചു. ആദ്യ മൂന്ന് റാങ്കുകാർ ഇവർതന്നെയാണ് എന്നതാണ് അസ്വാഭാവികതയ്ക്ക് ഇടയാക്കിയത്.
അതേ സമയം നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് വി.ഡി.സതീശനടക്കുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം വേണം തദ്ദേശസ്വയം ഭരണവകുപ്പ് ഇടപ്പെട്ട് നിയമനം റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാർ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ഇല്ലാതെ നിൽക്കുമ്പോൾ, അവരുടെ കൊലപാതകികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത് വഴി കൊലപാതകം തങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇത് അധാർമികമാണ്, അംഗീകരിക്കാൻ കഴിയില്ല. ഇന്നലെ വരെ ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ലെന്നും കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പറഞ്ഞിരുന്ന സിപിഎം ഇപ്പോൾ തങ്ങളാണ് അതിന്റെ പിന്നിൽ എന്ന് പരസ്യമായി സമ്മതിക്കുകയാണ്. സിപിഎമ്മിന്റെ കാപട്യം ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു .അടിയന്തരമായി ജില്ലാ പഞ്ചായത്ത് ഇവരെ പിരിച്ചുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
No comments