തലശ്ശേരി അതിരൂപത ഹെൽപ് ഡെസ്ക് ഭക്ഷണകിറ്റ് വിതരണം നടത്തി
തലശ്ശേരി: കോവിഡ് കാലത്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിവിധ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുവാനായി തലശ്ശേരി അതിരൂപത രൂപീകരിച്ച ഹെൽപ് ഡെസ്കിൻ്റെ നേതൃത്യത്തിൽ തലശ്ശേരി നഗരപരിസരത്തുള്ള നിർദ്ധനരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോർജ് ഞറളക്കാട്ടിൻ്റെയും സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെയും നിർദ്ദേശപ്രകാരം അതിരൂപത ഹെൽപ് ഡെസ്ക് അംഗങ്ങളായ ഫാ. മാത്യു ശാസ്താംപടവിൽ, ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, ഫാ. ജേക്കബ് വെണ്ണായപ്പിള്ളിൽ, ഫാ. ടോം ഓലിക്കരോട്ട്, ഫാ. ജോസഫ് വടക്കേപ്പറമ്പിൽ, ബ്രദർ അരുൺ അയിലൂക്കുന്നേൽ, ശ്രീ. ജോബിൻസ് കുളത്തിങ്കൽ എന്നിവരും തലശ്ശേരിയിലെ ജീവകാരുണ്യ പ്രവർത്തകനായ ശ്രീ. ബാബു പാറാലും ഭക്ഷ്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഭക്ഷ്യകിറ്റ് വിതരണത്തിനുപുറമേ നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം, മരുന്ന് വിതരണം, ആശുപത്രി സൗകര്യം ക്രമപ്പെടുത്തി നൽകൽ, ആബുലൻസ് സൗകര്യം എന്നിവ ഹെൽപ് ഡെസ്കിൻ്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു. കൂടാതെ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് കോവിഡ് കാലത്ത് ഓൺലൈൻ കൗൺസിലിംഗിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
No comments