ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം ഒരു ദിവസം 55 വാർഡുകളിലായി 4125 പേർക്ക് കോവിഡ് പരിശോധന; ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങൾക്ക് മുൻഗണന
ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകി പ്രതിദിനൃ ജില്ലയിലെ ഒരു വാർഡിൽ 75 പേർക്ക് വീതം ഒരു ദിവസം 55 വാർഡുകളിൽ കോവിഡ് പരിശോധന നടത്താനുള്ള ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല കൊറോണ കോർ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി കൂടുതൽ നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്ട്രാറ്റേഡ് മൾട്ടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് നടത്തുന്നത്. ജില്ലയിൽ രോഗികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഈ പരിശോധനാ രീതി കൂടുതൽ ഫലപ്രദമാകുമെന്ന് കളക്ടർ പറഞ്ഞു. എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 4125 പേർക്ക് കോവിഡ് പരിശോധന നടത്തും. 14 ദിവസം കഴിഞ്ഞ് വാർഡിൽ വീണ്ടും കോവിഡ് പരിശോധന നടത്തണം.
പോലീസ്, ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും സർക്കാർ ജീവനക്കാർ ഉൾപ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം. പരിശോധനയുമായി സഹകരിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കുന്നതിന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
വാക്‌സിനേഷൻ വിപുലമാക്കുന്നതിനും യോഗം നിർദേശിച്ചു. ജില്ലയിലെ വയോജന കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ബുധനാഴ്ച പൂർത്തിയാക്കി. ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം നൽകുന്ന രോഗികൾ എന്നിവർക്ക് വീടുകളിലെത്തി വാക്‌സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പോലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും നടത്തുന്ന പരിശോധന ഊർജിതമായി തുടരും. കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നും അത് കുട്ടികളെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുള്ളതിനാൽ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ 100 ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കാൻ നിർദ്ദേശിച്ചു. ശിശുരോഗ വിദഗ്ധർക്ക് പരിശീലനം നൽകി സേവനം ഉറപ്പാക്കണം. ജില്ലാ ആശുപത്രി, ടാറ്റ ആശുപത്രി, കാസർകോട് ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും അവശ്യമായ സജ്ജീകരണമൊരുക്കും. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകി.
തീരദേശ മേഖലകളിലും ആദിവാസി മേഖലകളിലും കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കും. പട്ടികജാതി പട്ടിക വർഗ കോളനികൾ കേന്ദ്രീകരിച്ച് കൊവിഡ് വാക്‌സിനേഷനായ് സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ജില്ലയിലെ ചില കോളനികളിൽ കോവിഡ് ബാധിതർ വർധിക്കുന്നതിനാൽ ഇവിടങ്ങൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ ഉൾപ്പെടെ ബോധവത്കരണം നടത്താൻ പ്രത്യേക ശ്രദ്ധ നൽകാനും യോഗം നിർദേശിച്ചു. മത്സ്യത്തൊഴിലാളി മേഖലയിൽ കോവിഡ് പരിശോധന ഊർജിതമാണ്.
കേരള കർണാടക അതിർത്തി മേഖലകളിൽ വ്യാജ മദ്യ വിൽപ്പന വർധിക്കുന്നുണ്ട്. വ്യാജമദ്യ വിൽപനയുള്ള സ്ഥലങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യമുള്ളതിനാൽ അത്തരം കേന്ദ്രങ്ങളിൽ എക്‌സൈസ് റെയ്ഡ് നടത്തണം. അതിനാൽ ഇവിടങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും എക്‌സൈസ് വിഭാഗങ്ങൾ ചേർന്ന് സംയുക്ത പരിശോധന നടത്താനും കോർകമ്മിറ്റി യോഗം നിർദേശിച്ചു.
എ.ഡി.എം അതുൽ എസ് നാഥ്, സബ് കളക്ടർ ഡി.ആർ. മേഘശ്രീ, എ.എസ്.പി പ്രജീഷ് തോട്ടത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ.ആർ.രാജൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
No comments