പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളും ആരോഗ്യപ്രവർത്തകരും തമ്മിൽ തർക്കം: ആരോഗ്യമന്ത്രി വിവരങ്ങൾ തേടി
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ നടന്ന തർക്കത്തെ സംബന്ധിച്ച് ആരോഗ്യമന്ത്രി വിവരങ്ങൾ തേടി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിലേക്ക് മാറ്റാൻ വൈകിയെന്നാരോപിച്ചാണ് രോഗികൾ പ്രകോപിതരായത്. അതേസമയം രോഗികൾ ആക്രമിക്കാൻ വരികയായിരുന്നു എന്നാണ് ഡോക്ടർമാരുടെ അക്ഷേപം.
രോഗികൾ ബഹളം വയ്ക്കുന്ന വീഡിയോ ഒരു ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് ജൂനിയർ ഡോക്ടർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു.
"കോവിഡും ഉദര സംബന്ധമായ രോഗവുമായി കോവിഡ് വാർഡിൽ രോഗി അഡ്മിറ്റ് ആകുകയുണ്ടായി.. രോഗിയുടെ അസുഖത്തിന്റെ തീവ്രത മനസിലാക്കികൊണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം ഐ സി യു വിഭാഗത്തേക് ഷിഫ്റ്റ് ചെയ്യാൻ നിർദേശിച്ചു.. എന്നാൽ രോഗിയെ കണ്ട് പുറത്തിറങ്ങിയ ഡോക്ടറെ ഒരുപറ്റം കോവിഡ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ചേർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കാൻ വരുകയും അസഭ്യമായി സംസാരിക്കുകയും ചെയ്യുകയുണ്ടായി..
ഡോക്ടർമാർക്ക് എതിരെ ഉള്ള ആക്രമണങ്ങളെ പറ്റി എല്ലാവരും അപലപിക്കുമ്പോഴും സാഹചര്യം ദിനംപ്രതി വഷളാകുകയാണ്... ഇത് ഇന്ന് ഈ ഹോസ്പിറ്റലിലെ രണ്ടാമത്തെ സംഭവമാണ്. "
എന്നാൽ രോഗികൾക്ക് ആവശ്യമായ ശുശ്രൂഷ ലഭിക്കുന്നില്ലന്ന് പരാതിക്കാർ ആരോപിക്കുന്നു. ഫേസ്ബുക്കിൽ ദൃശ്യങ്ങൾ പങ്കുവെച്ചത് രോഗികളെ അപമാനിക്കാനാണെന്നാണ് ഇവരുടെ ആക്ഷേപം. പരാതി ഉന്നയിച്ച ഒരു രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായും ആക്ഷേപം ഉണ്ട്.
No comments