ബാങ്ക് ജീവനക്കാർക്കും കിടപ്പുരോഗികൾക്കും കോവിഡ് വാക്സിൻ; സംസ്ഥാനത്ത് 11 വിഭാഗങ്ങളെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 45 വയസ് വരെയുള്ളവരുടെ മുൻഗണനാ പട്ടികയിൽ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബാങ്ക് ജീവനക്കാരും മെഡിക്കൽ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തിയത്. ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയിൽ ജീവനക്കാര്‍, എയർ ഇന്ത്യ ഫീൽ വർക്കേഴ്സ് തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാവർക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിനേഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളിൽ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിൽ കേരളം വാക്സിന് വേണ്ടി ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. എന്നാൽ കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് വൻതോതിൽ വാക്സിൻ പണം മുടക്കി വാങ്ങാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിൻ എന്നിവയാണ് നിലവിൽ കേരളത്തിൽ വിതരണം ചെയ്യുന്ന വാക്സിനുകള്‍. സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
No comments