Breaking News

സ്വന്തം മാതൃവിദ്യാലയത്തിൽ നിന്നും പ്രഥമാധ്യാപകനായി പടിയിറക്കം.. ചുള്ളിക്കര ഗവ.എൽ.പി സ്‌കൂളിലെ മമ്മദ് മാഷിനിത് ചരിത്ര നിയോഗം

രാജപുരം: നീണ്ട കാലത്തെ സേവനത്തിന് ശേഷം നാടിന്റെ സ്വന്തം മാഷ് വിദ്യാലയ പടിയിറങ്ങി. ചുള്ളിക്കര ഗവ.എൽപി.സ്‌കൂള്‍ പ്രഥമാധ്യാപകനും ഈ സ്‌കൂളിലെ തന്നെ പൂര്‍വ വിദ്യാര്‍ഥിയുമായ പി.മമ്മദാണ് ജനകീയ അധ്യാപകനെന്ന പേരെടുത്ത് 36 വര്‍ഷത്തെ സേവനത്തിന് ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നും വിരമിച്ചത്. 1984-ല്‍ പട്‌ള ഗവ.ഹൈസ്‌കൂളില്‍ താത്കാലിക അധ്യാപകനായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് നെല്ലിക്കുന്ന് എ.യു.പി.സ്‌കൂളില്‍ ജോലി നോക്കുന്നതിനിടെ 1987-ലാണ് പി.എസ്.സി. വഴി സ്വന്തം നാട്ടില്‍ തന്നെയുള്ള കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി അധ്യാപകനായി എത്തുന്നത്. 16 വര്‍ഷത്തെ സേവനത്തിനൊടുവില്‍ 2004-ല്‍ താരന്തട്ടയടുക്കം സ്‌കൂള്‍ പ്രഥമാധ്യാപകനായി. ചുരുങ്ങിയ ദിവസത്തിനകം അട്ടക്കണ്ടം ഗവ.എല്‍.പി.സ്‌കൂളിലേക്ക് സ്ഥലം മാറ്റം. ഇവിടെ നിന്നാണ് 2005-ല്‍ മാതൃവിദ്യാലയം കൂടിയായ ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂളില്‍ പ്രഥമാധ്യാപകനായി ചുമതലയേറ്റത്. അധ്യാപകന്‍ എന്നതിനപ്പുറം നാട്ടിലെ ഏത് കാര്യങ്ങള്‍ക്കും സഹായവുമായെത്തുന്ന ആളാണ് മമ്മദ് മാസ്റ്റര്‍. 20 വര്‍ഷത്തിനപ്പുറം അടച്ചുപൂട്ടല്‍ പട്ടികയില്‍ പെട്ട ചുള്ളിക്കര സ്‌കൂളിലേക്ക് പ്രഥമാധ്യാപകനായി മമ്മദ് മാസ്റ്റര്‍ എത്തിയതോടെ വലിയ മാറ്റമാണ് സ്‌കൂളിനുണ്ടായത്. ആദ്യം തന്നെ ചെയ്തത് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വലിയ തോതില്‍ കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവൃത്തിയായിരുന്നു. ഒപ്പം പാഠ്യ-പാഠ്യേതര രംഗത്തും മികവ് പുലര്‍ത്തി. ഇത്തരത്തില്‍ വിദ്യാഭ്യാസ ജില്ലയിലെ തന്നെ പ്രധാന സര്‍ക്കാര്‍ എല്‍.പി.സ്‌കൂളാക്കി മാറ്റിയാണ് മാഷിന്റെ പടിയിറക്കം.

No comments