പുകവലിക്കാർക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളിൽ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ
ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് സുരക്ഷിതമായ താവളം കണ്ടെത്തുന്നു. കൂടാതെ മീററ്റില്‍ കണ്ടതുപോലെ ഗുരുതരമായ രോഗങ്ങളിലേയ്ക്കും മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്കും നയിക്കും. രോഗികളുടെ മരണത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും.
പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍ അത് ഉപേക്ഷിക്കുകയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കുകയും വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
കോവിഡ് -19 ന്റെ രണ്ടാം തരംഗം രാജ്യത്തെ മൊത്തത്തിലുള്ള പുകവലിക്കാരില്‍ വലിയൊരു വിഭാഗക്കാരായ ചെറുപ്പക്കാരെ കൂടുതലായി ബാധിച്ചതിനാല്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. മികച്ച രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് പോലും കോവിഡിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരക്കാര്‍ കൂടുതല്‍ കരുതലുകള്‍ എടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തില്‍ ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം 1.50 ലക്ഷത്തോളമായി കുറയുന്നുണ്ടെങ്കിലും മരണ സംഖ്യ ആശങ്കാജനകമാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദിവസേന 3,000 മരണങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്.
No comments