ഡെല്‍റ്റ പ്ലസ് വകഭേദം; കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെല്‍റ്റ പ്ലസ് കേസുകളില്‍ 22 ല്‍ 16 എണ്ണവും ഈ സംസ്ഥനങ്ങളില്‍ നിന്നായതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്.
ഡെല്‍റ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ജില്ലകളിലും ക്ലസ്റ്ററുകളിലും അടിയന്തരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പരിശോധനകള്‍ വര്‍ധിപ്പിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും 9 രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രലയം പറയുന്നു. എന്നാല്‍ രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലും പത്തനംതിട്ടയിലും പലാക്കാടുമാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തില്‍ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു കേസുകളും പാലക്കാടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചിരുന്നു.
മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
No comments