Breaking News

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്; ബോംബ് നിർമാണ പരിശീലനത്തിന് ഉപയോഗിച്ചതെന്ന് സൂചന


കൊല്ലം: പത്തനാപുരം പാടത്ത് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിൽ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണ് നിഗമനം. കേസിൽ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.

ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്ക് ആണ് കണ്ടെത്തിയത്. ഡിറ്റനേറ്ററുകൾ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കാൻ കഴിയാത്തവയാണ്. എന്നാൽ നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റനേറ്റർ ബോംബ് നിർമാണം പരിശീലിപ്പിക്കാൻ ഉപയോഗിച്ചത് ആണെന്ന് കരുതുന്നു.

ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ജനുവരിയിൽ കൊല്ലം പത്തനംതിട്ട അതിർത്തി കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായാണ് വിവരം. കാട്ടിനുള്ളിൽ തട്ടാക്കുടി കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉൾപ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.


അതേ സമയം ഇവിടെ നിന്നു ലഭിച്ച ഡിറ്റണേറ്റർ നോൺ ഇലക്ട്രിക്കൽ വിഭാഗത്തിൽ പെടുന്നതാണ്. ഒപ്പം ലഭിച്ച ബാറ്ററികൾ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിയില്ലെന്നെരിക്കെ മറ്റൊരു നിഗമനവും എടിഎസിനുണ്ട്. പാറപൊട്ടിക്കുന്നതിനും മൃഗവേട്ടക്കും ഇപ്പോൾ കണ്ടെത്തിയതുപോലുള്ള സമാനമായ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അങ്ങനെയെങ്കിൽ മറ്റാരെങ്കിലും ആണോ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചത്, എന്തെങ്കിലും മുന്നറിയിപ്പ് നൽകാനാണോ, ബോധപൂർവ്വം സമാധാന അന്തരീക്ഷം തകർക്കാനാണൊ തുടങ്ങിയ ചോദ്യങ്ങളും ഉണ്ട്.



ബാറ്ററികളിലെ തുരുമ്പിന്റെ സാന്ദ്രത, സ്ഫോടക വസ്തുക്കളുടെ സമീപത്തെ പുല്ലുകളുടെ വളർച്ച തുടങിയവ പരിശോധിച്ചാണ് ഇവ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പായിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിചേർന്നത്. കേരള വനം വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലെ 10.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കശുമാവിൻ തോട്ടമാകെ പരിശോധിക്കാനാണ് തീരുമാനം. പൊലീസ്, വനംവകുപ്പ് സംയുക്ത റെയിഡ് തുടരും. എ ടി എസ് ഉദ്യോഗസ്ഥർ സമീപ പ്രദേശത്തുള്ളവരെ കണ്ട് അന്വേഷണം നടത്തി. പാടം മേഖലയിലെ കഴിഞ്ഞ ഒരു വർഷം മുതലുള്ള ഫോൺകോളുകളും പരിശോധിച്ചു വരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് സംഘം ഇന്നലേയും സ്ഥലത്ത് എത്തിയതായി വിവരമുണ്ട്.

No comments