കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത നവീകരണം: കിഫ്‌ബി സംഘം അവസാനഘട്ട പരിശോധന പൂർത്തിയാക്കി
ഒടയഞ്ചാൽ : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കിഫ്ബി സംഘം അവസാനഘട്ട പരിശോധന പൂര്‍ത്തിയാക്കി. പാതയില്‍ നവീകരണം ബാക്കിയുള്ള പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗം രണ്ടു ഘട്ടങ്ങളായി നടത്തും. ആദ്യഘട്ടം പൂടംകല്ല് മുതല്‍ ബളാംതോട് വരെയുള്ള 12.875 കിലോമീറ്റര്‍ ഭാഗവും, രണ്ടാംഘട്ടത്തില്‍ ബളാംതോട് മുതല്‍ ചിറങ്കടവ് വരെയുള്ള 3.813 കിലോ മീറ്റര്‍ റോഡിന്റെ നവീകരണവും നടക്കും.
ആദ്യഭാഗത്ത് മേജര്‍ കലുങ്കുകള്‍ ഉള്‍പ്പെടെ 20 കലുങ്കുകള്‍ നിര്‍മ്മിക്കും. രണ്ടാം ഭാഗത്ത് രണ്ട് മേജര്‍ കലുങ്കുകള്‍ ഉള്‍പ്പെടെ അഞ്ച് കലിങ്കുകളാണ് നിര്‍മ്മിക്കാന്‍ ഉള്ളത്. ഇതില്‍ പ്രധാനപ്പെട്ട മൂന്ന് പാലങ്ങളും ഉള്‍പ്പെടും. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണ് നവീകരണം നടപ്പിലാക്കുന്നത്. സാങ്കേതിക അനുമതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ എത്രയും പെട്ടെന്ന് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
റോഡ് പരിശോധനയ്ക്കായി സാങ്കേതിക വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആര്‍.ജി സന്ദീപ്, സാങ്കേതിക വിദഗ്ധരായ വിപിന്‍, അജിത് കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ജെ കൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് കെ ഈപ്പന്‍, പ്രൊജക്ട് എഞ്ചിനീയര്‍ രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
No comments